വാഷിംഗ്ടൺ:അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് 12 ഇന്ത്യൻ വംശജർ മത്സരിച്ചതിൽ വിജയിച്ചത് നാല് സിറ്റിംഗ് അംഗങ്ങൾ മാത്രം. 'സമൂസ കോകസ്' എന്ന് വിളിക്കപ്പെടുന്ന കോൺഗ്രസിലെ ഇന്ത്യൻ അംഗങ്ങളുടെ എണ്ണം കൂടിയില്ല. ഇലിനോയിയിൽ ഇന്ത്യൻ വംശജർ തമ്മിലുള്ള മത്സരത്തിൽ രാജ കൃഷ്ണമൂർത്തി ജയിച്ചു. ജിതേന്ദർ ദിഗ്‌വങ്കറെയാണു പരാജയപ്പെടുത്തിയത്. പാലക്കാട് വേരുകളുള്ള പ്രമീള ജയപാൽ (വാഷിംഗ്ടൺ), റോ ഖന്ന (കാലിഫോർണിയ), ആമി ബേറ (കാലിഫോർണിയ) എന്നിവരും ജയിച്ചു. സംസ്ഥാനങ്ങളിലെ ജനപ്രതിനിധി സഭകളിലേക്കും സംസ്ഥാന സെനറ്റുകളിലേക്കുമായി മൊത്തം നൂറോളം ഇന്ത്യൻ വംശജരാണ് മത്സരിച്ചത്. ഇവരിൽ മുജ്തബ മുഹമ്മദ് നോർത്ത് കാരോളിന സ്റ്റേറ്റ് സെനറ്റിലേക്കും റാം വില്ലിവലം, ഇലിനോയ് സ്റ്റേറ്റ് സെനറ്റിലേക്കും ജയിച്ചു.
പ്രമീള ജയപാൽ
യു.എസ് ജനപ്രതിനിധി സഭയിലെത്തിയ ആദ്യ മലയാളിയായ പ്രമീള ജയപാൽ പാലക്കാട് ഈശ്വരമംഗലം മുടവൻകാട് പുത്തൻവീട്ടിൽ എം.പി. ജയപാലിന്റെയും എഴുത്തുകാരി മായ ജയപാലിന്റെയും മകളാണ്. സഹോദരി സുശീല ജയപാൽ ഓറിഗണിലെ മൾറ്റ്നോമ കൗണ്ടി ഭരണസമിതി അംഗമാണ്. ചെന്നൈയിൽ ജനിച്ച പ്രമീള ഇൻഡോനേഷ്യയിലും സിംഗപ്പൂരിലും ജീവിച്ചശേഷം 16-ാമത്തെ വയസിലാണ് അമേരിക്കയിൽ എത്തിയത്.