jef

വാഷിംഗ്ൺ : അമേരിക്കൻ പ്രസി‍ഡന്റ് ‍ഡോണൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് അറ്റോർണി ജനറൽ ജെഫ് സെഷൻസ് രാജിവച്ചു. ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണിത്. അറ്റോർണി ജനറലായി സേവനം അനുഷ്ഠിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും പ്രസി‍ഡന്റ് ട്രംപിന്റെ ആവശ്യപ്രകാരമാണ് രാജിയെന്നും സെഷൻസിന്റെ കത്തിൽ പറയുന്നു. താത്കാലികമായി പുതിയ അറ്റോർണി ജനറലായി മാത്യു വിറ്റേക്കറെ നിയമിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു. ‘ജെഫ് സെഷൻസിന്റെ സേവനത്തിന് നന്ദി. അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു. സ്ഥിരം അറ്റോർണി ജനറലിനെ പിന്നീട് നിയമിക്കും’ – ട്രംപ് കുറിച്ചു.

യു.എസ് നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും ഉന്നത പദവിയാണ് അറ്റോർണി ജനറലിന്റേത്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ സെഷൻസിനെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. ഒരുവർഷമായി ഇരുവരും തമ്മിൽ നല്ല ബന്ധമായിരുന്നില്ല.