kevin-murder

കോട്ടയം: കെവിൻ കൊലപാതകത്തിൽ മുഖ്യപ്രതി ഷാനുവിൽ നിന്ന് കൈകൂലി വാങ്ങിയ എ.എസ്.ഐ ടി.എം. ബിജുവിനെ പൊലീസിൽ നിന്ന് പിരിച്ചു വിട്ടു. വകുപ്പുതല അന്വേഷണത്തിനൊടുവിൽ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് നടപടിയെടുത്തത്. ഒപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവറുടെ മൂന്ന് വർഷത്തെ ആനുകൂല്യങ്ങളും തടയും.

ഈ വർഷം മേയ് 27നാണ് മാന്നാനത്തെ വീട്ടിൽ നിന്ന് ഭാര്യാസഹോദരൻ ഷാനു കെവിനെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് കെവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കെവിൻ ഭാര്യയായ നീനുവിനെ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് നീനുവിന്റെ സഹോദരനും കൂട്ടാളികളും കെവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയത്.

കെവിനെ തട്ടിക്കൊണ്ട് പോകുന്ന വഴിക്ക് വച്ചുണ്ടായ പൊലീസ് പരിശോധനയിൽ നിന്ന് ഒഴിവാകാൻ മദ്യപിച്ചിരുന്ന ഷാനു എ.എസ്.ഐ ബിജുവിന് കൈക്കൂലി നൽകുകയായിരുന്നു. കൊലപാതകം തടയാൻ ആകുമായിരുന്ന സാഹചര്യത്തിൽ പൊലീസ് കണ്ണടച്ചു എന്ന് വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞു.