കാലിഫോർണിയ: അമേരിക്കയിലെ നിശാക്ലബിൽ ആയുധധാരി നടത്തിയ വെടിവയ്പ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു.
തെക്കൻ കാലിഫോർണിയ തൗസൻഡ്സ് ഓക്സിലിലെ ബോർഡർ ലൈണ ബാർ ആൻഡ് ഗ്രിൽ നിശാക്ലബിൽ വ്യാഴാഴ്ച യു.എസ് സമയം രാത്രി 11.30നായിരുന്നു സംഭവം. വെടിവയ്പ് നടത്തിയ ആളുടെ മൃതദേഹവും ക്ലബിൽ നിന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല . അക്രമി സ്വയം വെടിവച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി നടന്ന പരിപാടിയിൽ ഇരുനൂറോളം പേർ പങ്കെടുത്തിരുന്നു. കറുത്ത വസ്‌ത്രം ധരിച്ച് തലമൂടി, നിശാക്ലബിലേക്ക് വന്ന അക്രമി ഇവർക്കിടയിലേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം 30 തവണ നിറയൊഴിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
പൊലീസ് സർജന്റ് റൊൺ ഹെലൂസ് ആണ് കൊല്ലപ്പെട്ടത്. അക്രമിയെ കുറിച്ചോ, മരിച്ചവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.