തിരുവനന്തപുരം: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും ശബരിമല യുവതി പ്രവേശന വിഷയത്തിൽ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'നാം ഒന്നാണ്, കേരളം മതേതരമാണ്-ഓർമ്മപ്പെടുത്തൽ' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ഇലക്ഷനിൽ ജയിക്കുമോ തോൽക്കുമോ എന്നു നോക്കി രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന പാർട്ടിയല്ല സി.പി.എം. ഇപ്പോഴുള്ള എതിർപ്പുകളിൽ പതറിപ്പോയാൽ കേരളം കേരളമല്ലാതായി മാറും. വിശ്വാസത്തെ ഭ്രാന്താക്കിമാറ്റി ഉപയോഗിക്കാനുള്ള നീക്കം അനുവദിച്ചുകൂടാ. ശബരിമല വിഷയത്തിൽ സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾ മാനസികമായി അതിന് തയ്യാറായിട്ടല്ല, അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. നാമജപസമരത്തിൽ പങ്കെടുക്കുന്നത് വളരെക്കുറച്ച് പേരാണ്. ഒന്നോരണ്ടോ ലക്ഷംപേർ പലയിടങ്ങളിൽ ഒത്തുകൂടി നാമജപം ഉരുവിട്ടാൽ സുപ്രീംകോടതി വിധി മാറ്റാനാകില്ല. പരാതിയുള്ളവർ കോടതിയെ സമീപിക്കണം. എന്തുകൊണ്ട് ബി.ജെ.പി റിവ്യൂ ഹർജി സമർപ്പിക്കുന്നില്ല. കേന്ദ്രത്തിൽ അധികാരം കൈയ്യിലുള്ള ബി.ജെ.പിക്ക് വിധിക്കെതിരെ ഓർഡിനൻസ് പുറപ്പെടുവിച്ചുകൂടേ.അവരുടെ ഉദ്ദേശം ജനങ്ങളെ കബളിപ്പിക്കൽ മാത്രമാണ്. ശബരിമല ഒരു പ്രശ്നമായി നിലനിർത്തേണ്ടത് ബി.ജെ.പിയുടെ ആവശ്യമാണ്. ബിജെ.പിയുടെ അജൻഡ പുറത്തുവന്നിട്ടും യു.ഡി.എഫ് സമരത്തിൽ നിന്ന് പിന്മാറാത്തത് അവരുടെ ഗതികേടാണ്.ശബരിമലയിലേക്ക് പോകുന്നവരുടെ കുത്തക ആർ.എസ്.എസ് ഏറ്റെടുക്കേണ്ടതില്ല. ഏറ്റവുമധികം വിശ്വാസികളുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലാണ്. ഇൻക്വിലാബ് സിന്ദാബാദ് എന്നു വിളിക്കുന്ന നാവുകൊണ്ടു തന്നെയാണ് അവർ സ്വാമി ശരണം വിളിക്കുന്നതും. അങ്ങനെയുള്ള പാർട്ടിയെയും സർക്കാരിനെയും ക്ഷേത്രവും വിശ്വാസവും തകർക്കുന്നവരാണെന്ന തരത്തിൽ ചിത്രീകരിക്കുന്നത് വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.വിനീത് അദ്ധ്യക്ഷനായിരുന്നു. എഴുത്തുകാരി എസ്.ശാരദക്കുട്ടി മുഖ്യാതിഥിയായി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി.ശിവൻകുട്ടി, എ.എ.റഹീം, പി.ബിജു, ബെൻ ഡാർവിൻ, ബി.ഷാജു, കവിത തുടങ്ങിയവർ സംസാരിച്ചു.