sreedharan-pillai

കോഴിക്കോട്: വിവാദ പ്രസംഗത്തിന്റെ പേരിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ കസബ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തു.നന്മണ്ട സ്വദേശിയായ ഷൈബിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതിയോടെ 505 (1)ബി വകുപ്പ് പ്രകാരമാണ് ഇന്നലെ കേസ് എടുത്തതെന്ന് കസബ പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.

മതവികാരം ഇളക്കി വിട്ടെന്നും തന്ത്രിയേയും പ്രവർത്തകരെയും കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും ആരോപിച്ചാണ് ഷൈബിൻ പരാതി നൽകിയത്.

കോഴിക്കോട്ട് യുവമോർച്ച സംസ്ഥാന സമിതി യോഗത്തിന്റെ ഉദ്ഘാടന വേളയിലാണ് ശ്രീധരൻ പിള്ള വിവാദ പ്രസംഗം നടത്തിയത്. ശബരിമല ബി.ജെ.പിക്ക് ഒരു സുവർണ്ണാവസരമാണെന്നും നമ്മൾ വെച്ച കെണിയിൽ ഒാരോരുത്തരായി വീണെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു.ശബരിമലയിൽ ആചാരലംഘനമുണ്ടായാൽ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുമ്പ് തന്ത്രി തന്നോട് നിയമോപദേശം തേടിയതായും കോടതിയലക്ഷ്യം നിലനിൽക്കില്ലെന്ന് നിയമോപദേശം നൽകിയതായും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.