sabarimala

തിരുവനന്തപുരം : ശബരിമലയിൽ ചിത്തിര ആട്ട വിശേഷ പൂജകൾക്കായി എത്തിയ 7200 തീർത്ഥാടകരിൽ 200 പേർ മാത്രമാണ് യഥാർത്ഥ ഭക്തരെന്ന് പൊലീസിന്റെ വിലയിരുത്തൽ. ബി.ജെ.പി. ആർ.എസ്.എസ്, സംഘപരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്നവരോ അനുഭാവികളോ ആണ് മറ്റുള്ളവരെന്നാണ് പൊലീസിന്റെ പക്ഷം.

തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ നിലയ്ക്കലിൽ നടന്ന അക്രമങ്ങളിൽ പങ്കെടുത്ത 200 പേർ ശബരിമലയിൽ വീണ്ടും എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതു സംബന്ധിച്ച ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണെന്നും അതിനുശേഷം മാത്രമേ കൃത്യമായ കണക്കുകൾ ലഭിക്കൂ എന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുരക്ഷയ്ക്കായി പൊലീസ് നിലയ്ക്കലിൽ ഏർപ്പെടുത്തിയ ഫേസ് ഡിറ്റക്ഷൻ സംവിധാനത്തിൽ നിലയ്ക്കലിൽ അക്രമം നടത്തിയവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇതുപയോഗിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. മണ്ഡല മകരവിളക്ക് ഉത്സത്തിനായി നടതുറക്കുമ്പോൾ ഇവരുടെ പ്രവർത്തനം വീണ്ടും നിരീക്ഷിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.

മണ്ഡലപൂജകൾക്കായി നട തുറക്കുമമുൻപ് നവംബർ 13ന് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. ഹർജികൾ തള്ളിയാൽ കൂടുതൽ പൊലീസിനെ വിന്യസിക്കാനാണ് തീരുമാനം.

ചിത്തിര ആട്ടത്തിരുനാളിന് 5, 6 തീയതികളിൽ നൂറ് വനിതാ പൊലീസ് ഉൾപ്പെടെ 2,300 പൊലീസിനെയാണ് ശബരിമലയിൽ വിന്യസിച്ചത്. ദക്ഷിണ മേഖല എ.ഡി.ജി.പി അനിൽകാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണൻ ജോയിന്റ് പൊലീസ് കോഓർഡിനേറ്റർ ആയിരുന്നു. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ ഐ.ജി എം.ആർ.അജിത് കുമാറും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഐ.ജി അശോക് യാദവും മേൽനോട്ടം വഹിച്ചു. പത്തു വീതം എസ്.പിമാരും ഡിവൈഎസ്.പിമാരും ഡ്യൂട്ടിയിലുണ്ടായിരുന്നു. സന്നിധാനത്തും നിലയ്ക്കൽ, പമ്പ മേഖലകളിലുമായി 20 അംഗ കമാൻഡോ സംഘത്തെയും വിന്യസിച്ചിരുന്നു. ഇത്രയും പൊലീസുകാരുണ്ടായിട്ടും ശബരിമലയിലെ സുരക്ഷയിൽ വീഴ്ചയുണ്ടായതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.