dyfi

കാസർകോട്: സന്നിധാനത്ത് ചോറൂണിനെത്തിയ 52കാരിക്കെതിരെ ആദ്യം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത് ഡി.വൈ.എഫ്.ഐക്കാരനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. സന്നിധാനത്ത് കലാപമുണ്ടാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തുന്ന രഥയാത്രയുടെ ഉദ്ഘാടന സദസിലാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്.

'ശബരിമലയിൽ എങ്ങനെയെങ്കിലും കലാപമുണ്ടാക്കണം. അതിന് വേണ്ടിയായിരുന്നു 52 വയസുള്ള സ്ത്രീയെ അവിടെവച്ച് തടഞ്ഞത്. ഞാൻ മനസിലാക്കുന്നത് തൃശൂരിലുള്ള ഡി.വൈ.എഫ്.ഐക്കാരനാണ് 52 വയസുള്ള സ്ത്രീയെ തടയാൻ ആദ്യം മുദ്രാവാക്യം വിളിച്ചത്. തൃശൂരിൽ നിന്നും വന്ന സ്ത്രീയും കുടുംബവുമാണ് ചോറൂണിനെത്തിയത്. ആ സ്ത്രീ ആരാണെന്ന് അറിയുന്ന ഒരാളാണ് അവിടെ ആദ്യം മുദ്രാവാക്യം വിളിച്ച് പ്രകോപനമുണ്ടാക്കിയത്'- സുരേന്ദ്രൻ പറഞ്ഞു.

സംഭവത്തിന് പസർക്കാരിനും പങ്കുണ്ട്. ഇത്രയധികം വനിതാ പൊലീസുകാരുണ്ടായിരുന്ന സ്ഥലത്ത് 52കാരിയെ തടഞ്ഞപ്പോൾ ഒരു പൊലീസ് പോലും വരാതിരുന്നത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു. കേസിൽ പിടിയിലായ വികലാംഗനായ സൂരജ് നിരപരാധിയാണ്. ഇയാൾ അക്രമം നടത്തിയ ദൃശ്യങ്ങൾ പുറത്തുവിടാൻ ഇരട്ടച്ചങ്കനെ താൻ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.