pk-sasi

1. ലൈംഗിക ആരോപണം നേരിടുന്ന പി.കെ. ശശി എം.എൽ.എയ്ക്ക് എതിരെ കേന്ദ്ര നേൃത്വത്തിൽ വീണ്ടും പരാതി എത്തിയതിന് പിന്നാലെ വിശദീകരണവുമായി അന്വേഷണ കമ്മിഷൻ അംഗം മന്ത്റി എ.കെ. ബാലൻ. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കും എന്ന് മന്ത്റി. യുവതി വീണ്ടും പരാതി നൽകിയതിന് കുറിച്ച് അറിയില്ലെന്നും പ്രതികരണം. യുവതിയുടെ പരാതിയിൽ അന്വേഷണം പൂർത്തിയായതായി കേന്ദ്ര നേതൃത്വം. സംഭവത്തിൽ പാർട്ടിതല അന്വേഷണം അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് യുവതി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നു.


2. പരാതിയിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നു. ഉന്നതരാണ് ഇതിന് പിന്നിൽ. പി.കെ. ശശിയുടെ ഫോൺ സംഭാഷണം ഉൾപ്പെടെയാണ് വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നൽകിയത്. ശശി കേന്ദ്ര കമ്മിറ്റി നേതാവുമായി രഹസ്യ ചർച്ച നടത്തി എന്നും ആരോപണ വിധേയൻ ഇപ്പോഴും പാർട്ടിയിൽ സജീവമെന്നും സീതാറാം യെച്ചൂരിക്ക് നൽകിയ കത്തിൽ പരാതിക്കാരി.


3. കെവിൻ കൊലക്കേസിൽ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. നടപടി എടുത്തത്, എ.എസ്.ഐ ടി.എം ബിജുവിന് എതിരെ. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നടപടിയിൽ ബിജുവിന് ഒപ്പം കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവറുടെ മൂന്ന് വർഷത്തെ ആനുകൂല്യങ്ങൾ റദ്ദാക്കി. മുൻ എസ്.ഐ എം.എസ് ഷിബു, പൊലീസ് റൈറ്റർ എന്നിവർക്ക് എതിരെയും അന്വേഷണം. കേസ് ദുരഭിമാന കൊലയായി കണക്കാക്കി വിചാരണ നടത്താൻ ഇന്നലെ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു.


4. അതിവേഗ കോടതിയിൽ ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണം. തുടങ്ങുന്ന ദിവസം മുതൽ ദിവസവും വിചാരണ നടത്തണം. ഏപ്രിൽ പത്തിനകം വിചാരണ പൂർത്തിയാക്കണം എന്നും കോടതി ഉത്തരവ്. കോടതി നിർദ്ദേശം ദുരഭിമാനക്കൊലകൾ പ്രത്യേക പരിഗണന നൽകി വിചാരണ ചെയ്യണം എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ.


5. ബന്ധു നിയമന വിവാദത്തിൽ മുഖ്യമന്ത്റിയോ പാർട്ടിയോ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് മന്ത്റി കെ.ടി. ജലീൽ. കോടിയേരിയെ കണ്ടത് സ്വാഭാവിക കൂടിക്കാഴ്ച. കുറ്റിപ്പുറത്ത് ജയിച്ചത് മുതൽ മുസ്ലീംലീഗ് തന്നെ വേട്ടയാടുക ആണെന്നും മന്ത്റി ജലീൽ. കൂടിക്കാഴ്ച അടുത്ത സെക്രട്ടേറിയറ്റിൽ വിഷയം ചർച്ച ചെയ്യാൻ സാദ്ധ്യത ഉള്ളതിനാൽ എന്ന് സൂചന.


6. നേരത്തെ മന്ത്റിയെ ന്യായീകരിച്ച് ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാൻ അബ്ദുൾ വഹാബ് രംഗത്ത്

എത്തിയിരുന്നു. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേയ്ക്ക് മന്ത്റിയുടെ ബന്ധു കെ.ടി അദീബിനെ നിയമിച്ചത് ചട്ടങ്ങൾ പാലിച്ച് എന്ന് ചെയർമാൻ. അപേക്ഷകളിൽ യോഗ്യത ഉണ്ടായിരുന്നത് അദീബിന് മാത്രം. ഡെപ്യൂട്ടേഷനിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് നിയമനം നടത്താൻ ചട്ടങ്ങളിൽ തടസം ഒന്നുമില്ലെന്നും വിശദീകരണം


7. നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്.പിയുമായുള്ള തർക്കത്തിനിടെ യുവാവ് മരിച്ചത് തലയ്ക്ക് ക്ഷതം ഏറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തെറിച്ച് വീണപ്പോൾ തലയ്ക്ക് ക്ഷതം ഏറ്റു. വാരിയെല്ലും കൈയും ഒടിഞ്ഞിരുന്നു. തലയോട്ടി പൊട്ടിയത് ഞരമ്പുകൾ പൊട്ടാൻ കാരണമായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിൽ പൊലീസ് വീഴ്ച പുറത്തായതിന് പിന്നാലെ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. നെയ്യാറ്റിൻകര സ്റ്റേഷനിലെ സി.പി.ഒമാരായ സജീഷ് കുമാർ, ഷിബു എന്നിവർക്കാണ് സസ്‌പെൻഷൻ.


8. നടപടി, സനലിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. അപകടത്തിന് ശേഷം സനൽ അരമണിക്കൂർ റോഡിൽ കിടന്നു എന്നായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തിലെ പൊലീസ് വീഴ്ച ശരിവച്ച് സി.സി.ടി.വി ദൃശ്യങ്ങളും പുറത്തായിരുന്നു. കേസ്, ക്രൈംബ്രാഞ്ച് എസ്.പി ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. അതിനിടെ, കേസിൽ മുൻകൂർ ജാമ്യം തേടി ഡിവൈ.എസ്.പി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു.


9. നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാർഷിക ദിനത്തിൽ പുതിയ വിശദീകരണവുമായി ധനമന്ത്റി അരുൺ ജെയ്റ്റ്ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കേവലം നോട്ട് കണ്ടുകെട്ടൽ മാത്രമല്ല. ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കൽ ആയിരുന്നു സർക്കാരിന്റെ ലക്ഷ്യം എന്നും ജെയ്റ്റ്ലി. കറൻസിയിൽ നിന്ന് ഡിജിറ്റൽ ഇടപാടുകളിലേക്ക് രാജ്യത്തെ മാറ്റാൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഒരു ഇളക്കം ആവശ്യമായിരുന്നു എന്നും ജയ്റ്റ്ലിയുടെ വിശദീകരണം. നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ പ്രതിപക്ഷ പാർട്ടികൾ കരിദിനം ആചരിക്കുമ്പോൾ, കള്ളപ്പണ വിരുദ്ധ ദിനമായി പ്രഖ്യാപിച്ച് ബി.ജെ.പി.


10. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് സമാനമായി ഇന്ന് രാത്രി മാദ്ധ്യമങ്ങളിലൂടെ മോദി രാജ്യത്തോട് മാപ്പ് പറയണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം. നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും ബാങ്കിൽ തിരിച്ചെത്തി എന്ന് ആർ.ബി.ഐ കഴിഞ്ഞ ആഗസ്റ്റിൽ വ്യക്തമാക്കിയിരുന്നു. കള്ളപണം പിടിക്കാൻ എന്ന പേരിൽ 2016 നവംബർ എട്ടിന് രാത്രിയാണ് രാജ്യത്ത് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ നിരോധിച്ചത്. അതേസമയം, നോട്ട് നിരോധനത്തിന്റെ മുറിപ്പാടുകൾ വരാനിരിക്കുന്നതേ ഉള്ളൂ എന്ന് മുൻ പ്രധാനമന്ത്റി മൻമോഹൻ സിംഗിന്റെ പ്രതികരണം.