naidu

ബംഗളുരു : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മഹാസഖ്യം രൂപീകരിക്കുന്നതിന്റെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അദ്ധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡു ഇന്നലെ പ്രതിപക്ഷ നേതാക്കളെ കണ്ടു.

മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗദൗഡ, കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എന്നിവരടങ്ങുന്ന പ്രതിപക്ഷ സംഘവുമായാണ് നായിഡു കൂടിക്കാഴ്ച നടത്തിയത്. കർണാടക ഉപതിരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസം ആയുധമാക്കി പോരാടാനുറച്ചാണ് സഖ്യനീക്കങ്ങൾ. ബി. ജെ. പിയെ അധികാരത്തിൽ നിന്ന് മാറ്റി നിറുത്തേണ്ടത് മതനിരപേക്ഷ പാർട്ടികളുടെ ഉത്തരവാദിത്വമാണെന്ന് ദേവഗൗഡ പറഞ്ഞു. ദേവഗൗഡയുടെ ബംഗളുരുവിലെ വസതിയിലെത്തിയാണ് നായിഡു രാഷ്ട്രീയ സൗഹൃദം പുതുക്കിയത്.

2019 ലെ തിരഞ്ഞെടുപ്പ് 1996ന്റെ ആവർത്തനമായിരിക്കുമെന്ന് എച്ച്.ഡി കുമാരസ്വാമി പറ‍ഞ്ഞു. കോൺഗ്രസുമായുള്ള വൈരം അവസാനിപ്പിച്ച് സഖ്യസാദ്ധ്യതകൾ ചർച്ച ചെയ്യാൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും നായിഡു നേരത്തെ സന്ദർശിച്ചിരുന്നു. ഡിസംബർ ഏഴിന് നടക്കുന്ന തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം പൂർത്തിയായതായി കോൺഗ്രസ് അറിയിച്ചു. തെലുങ്കുദേശം, തെലുങ്കാന ജനസമിതി, സി.പി.ഐ എന്നിവരാണ് കോൺഗ്രസ് സഖ്യത്തിലുള്ളത്. ആകെയുള്ള 119 സീറ്റിൽ 90 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുമെന്നാണ് സൂചന.