gra
INDIA GROWTH WILL SLOW DOWN

ന്യൂഡൽഹി: പലിശനിരക്ക് കൂടുന്നതുമൂലം അടുത്ത രണ്ടുവർഷക്കാലയളവിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുത്തനെ താഴുമെന്ന് പ്രമുഖ ആഗോള ധനകാര്യ സ്ഥാപനമായ മൂഡീസ് ഇൻവെസ്‌റ്റർ സർവീസിന്റെ വിലയിരുത്തൽ. 2018ൽ 7.4 ശതമാനം വളരുന്ന ഇന്ത്യ അടുത്തവർഷം 7.3 ശതമാനത്തിലേക്ക് തളരും. 2020ലും ഇതേനില തുടരും.

നാണയപ്പെരുപ്പം, ക്രൂഡോയിൽ വില വർദ്ധന, രൂപയുടെ തളർച്ച എന്നിവ കണക്കിലെടുത്ത് മുഖ്യപലിശ നിരക്ക് കൂട്ടുന്ന ട്രെൻഡ് 2019ലും റിസർവ് ബാങ്ക് തുടരും. ഇത്, വായ്‌പാ ബാദ്ധ്യത വർദ്ധിപ്പിക്കുമെന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയെന്ന് മൂഡീസ് പുറത്തിറക്കിയ 'ഗ്ളോബൽ മാക്രോ ഔട്ട്‌ലുക്ക് - 2019-20" വ്യക്തമാക്കി. ക്രൂഡോയിൽ വില വർദ്ധന, രൂപയുടെ തളർച്ച എന്നിവയ്ക്ക് മീതേ പലിശഭാരം കൂടി ഏറുന്നത് ഇന്ത്യയിൽ ഭവനാധിഷ്‌ഠിത ചെലുകൾ ഇടിയാൻ കാരണമാകും. ഇത്, വിപണിയെ തളർത്തും. കമ്പനികളുടെ ലാഭപ്രതീക്ഷ കുറയുകയും ചെയ്യും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്ന മൂലധന പ്രതിസന്ധിയും ഇന്ത്യയെ വലയ്‌ക്കും. 2017ലും 2018ലും 3.3 ശതമാനം വളർന്ന ആഗോള സമ്പദ്‌രംഗം 2018, 2019 വർഷങ്ങളിൽ 2.9 ശതമാനത്തിലേക്ക് തളരുമെന്നും മൂഡീസ് വ്യക്തമാക്കി.