ബംഗളുരു : മന്ത്രിയായിരിക്കെ 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ബെല്ലാരിയിലെ ഖനി രാജാവും മുൻ ബി. ജെ. പി നേതാവുമായ ജനാർദ്ദന റെഡ്ഡിയേയും കൂട്ടാളിയേയും കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. റെഡ്ഡിയുടെ ബല്ലാരിയിലെ വസതിയിൽ ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തി.
സാമ്പത്തിക തട്ടിപ്പ് കേസിൽ നിന്ന് ആംബിഡന്റ് ഗ്രൂപ്പിനെ ഒഴിവാക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ജനാർദ്ദന റെഡ്ഡി ഒരു കോടി രൂപ കോഴ നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരുടെ 600 കോടി രൂപ തട്ടിയെന്ന ആരോപണം നേരിടുന്ന കമ്പനിയാണ് ആംബിഡന്റ് ഗ്രൂപ്പ്. കമ്പനി ഉടമ സയിദ് അഹമ്മദ് കേസിൽ നിന്ന് ഒഴിവാകാൻ മന്ത്രിയായിരുന്ന ജനാർദ്ദന റെഡ്ഡിയെ സമീപിച്ചെന്നാണ് കേസ്. റെഡ്ഢി 18കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നാണ് പറയുന്നത്. പണം ഓഹരി ദല്ലാളായ രമേഷ് കോത്താരിക്ക് നൽകി. ഇയാൾ 57 കിലോഗ്രാം സ്വർണമാക്കി മാറ്റി റെഡ്ഡിയുടെ അടുത്ത സുഹൃത്തായ അലിഖാന് കൈമാറിയെന്നും ഫരീദിന്റെ മൊഴിയിൽ പറയുന്നു. ബി.എസ് യെദിയൂരപ്പ മന്ത്രിസഭയിൽ അംഗമായിരുന്ന ജനാർദ്ദന റെഡ്ഡി പാർട്ടി നേതൃത്വവുമായും സുഷമ സ്വരാജുമായും അടുപ്പത്തിലായിരുന്നു. ജനാർദ്ദന റെഡ്ഡിയുടെ സഹോദരങ്ങളായ സോമശേഖര റെഡ്ഡിയും കരുണാകര റെഡ്ഡിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും തോറ്റു.