കൽപറ്റ ∙ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിനൊടുവിൽ യുവാവ് സുഹൃത്തിനെകുത്തിക്കൊന്നു തിരുവനന്തപുരം സ്വദേശിയായ ടാപ്പിംഗ് തൊഴിലാളി സന്തോഷ് (30) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ കേണിച്ചിറ പൂതാടി ചെറുകുന്നിലാണ് സംഭവം. സംഭവത്തിനു ശേഷം ഒളിവിൽപോയ സുഹൃത്ത് ചെറുകുന്ന് ചക്കിൻതൊടിയിൽ രതീഷിനെ (25) പൊലീസ് തെരയുന്നു.
ചെറുകുന്നിൽ ടാപ്പിംഗ് തൊഴിലാളിയായിരുന്നു സന്തോഷ്. സുഹൃത്തുക്കളായ സന്തോഷും രതീഷും ഇടയ്ക്കിടെ ഒരുമിച്ചു മദ്യപിക്കുമായിരുന്നു. സന്തോഷ് ജോലി ഉപേക്ഷിച്ചു ഇന്ന് നാട്ടിലേക്ക് പോകാനിരുന്നതാണ്. നാട്ടിലേക്കു പുറപ്പെടുന്നതിനു മുൻപായി സന്തോഷ് വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തിൽവച്ച് ഇരുവരും മദ്യപിച്ചു. ഇതിനിടെെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും രതീഷ് കത്തിയെടുത്തു സന്തോഷിനെ കുത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുൻപാണ് സന്തോഷ് വയനാട്ടിലെത്തിയത്. അവിവാഹിതനാണ്.