കണ്ണൂർ: എൻ.ഡി.എ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്ര സംസ്ഥാന സർക്കാരിന്റേയും സി.പി.എമ്മിന്റേയും സമനില തെറ്റിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ്.ശ്രീധരൻപിള്ളയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതും രഥയാത്രയ്‌ക്കെതിരെ പയ്യന്നൂരിന് സമീപം കാലിക്കടവിൽ കല്ലേറുണ്ടായതും ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രഥയാത്ര അക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാന സർക്കാരിന്റെയും സി.പി.എം നേതൃത്വത്തിന്റേയും അറിവോടെയാണ്. രഥയാത്രക്ക് നേരെ കല്ലേറ് നടത്തിയവരെ പിടികൂടാൻ പൊലീസ് തയ്യാറാകാഞ്ഞത് ഇത് മൂലമാണ്. ഇതിനെതിരെ (വെള്ളിയാഴ്ച) എൻ.ഡി.എ പ്രതിഷേധ ദിനം ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.