ഭോപ്പാൽ : ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന നേതാക്കൾ മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടി. ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിക്കാത്തതിനെത്തുടർന്ന് മുതിർന്ന നേതാവും മുൻകേന്ദ്ര മന്ത്രിയുമായ സർതാജ് സിംഗ് ഇന്ന് കോൺഗ്രസിൽ ചേർന്നിരുന്നു. പിന്നാലെ കോൺഗ്രസ് ഇന്ന് പുറത്തുവിട്ട അഞ്ചാമത്തെ സ്ഥാനാർത്ഥി പട്ടികയിൽ സർതാജ് സിംഗിനെ ഉൾപ്പെടുത്തുകയും ചെയ്തു. താൻ നിലവിൽ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് സർതാജ് ബി.ജെ.പി വിട്ടത്.
ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സഞ്ജയ് സിംഗ് മസാനിക്കും കോൺഗ്രസ് സീറ്റ്നൽകിയിട്ടുണ്ട്. ബലാഘട്ട് ജില്ലയിലെ വരസിയോനി മണ്ഡലമാണ് കോൺഗ്രസ് അനുവദിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യ സാധന സിംഗിന്റെ സഹോദരനായ മസാനി കഴിഞ്ഞ ശനിയാഴ്ചയാണ് കോൺഗ്രസിൽ ചേർന്നത്. സീറ്റ് കിട്ടാത്തതിനെ തുടർന്ന് മസാനി ബി.ജെ.പി വിട്ടത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ചൗഹാനെയല്ല, സംസ്ഥാനത്തിന് മുഖ്യമന്ത്രിയായി വേണ്ടത് കോൺഗ്രസ് നേതാവ് കമൽനാഥിനെയാണെന്ന് പറഞ്ഞായിരുന്നു മസാനിയുടെ കൂടുമാറ്റം.
സംസ്ഥാന മന്ത്രിസഭയിൽ നിരവധി തവണ സർതാജ് സിംഗ് അംഗമായിരുന്നു. എന്നാൽ ബി.ജെ.പി 75 വയസിന്റെ പ്രായപരിധി മാനദണ്ഡമാക്കിയതിനെതുടർന്ന് 2016ൽ അദ്ദേഹത്തിന് മദ്ധ്യപ്രദേശ് മന്ത്രിസഭയിൽ നിന്ന് പുറത്തുപോകേണ്ടി വന്നിരുന്നു. 1998ലെ വാജ്‌പേയി സർക്കാരിൽ ആരോഗ്യമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. മദ്ധ്യപ്രദേശിലെ ഗ്രാമീണ മേഖലയിൽ സ്വാധീനമുള്ള നേതാവാണ് സർതാജ്. 1998ൽ കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന അർജുൻ സിംഗിനെ അട്ടിമറിച്ചാണ് ലോക്‌സഭയിലെത്തിയത്.