സഹോദരൻ അയ്യപ്പൻ
ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്നെങ്കിലും നാസ്തികനായിരുന്നു സാമൂഹ്യപരിഷ്കർത്താവും പത്രപ്രവർത്തകനും ചിന്തകനുമായ സഹോദരൻ അയ്യപ്പൻ. എറണാകുളം ജില്ലയിലെ ചെറായിലാണ് അദ്ദേഹം ജനിച്ചത്. ശ്രീനാരായണഗുരു, കുമാരനാശാൻ എന്നിവർ അയ്യപ്പനെ പഠിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു. വിദ്യാപോഷിണി എന്ന സംഘടന ചെറായിയിൽ അദ്ദേഹം സ്ഥാപിച്ചു. 1917 ലാണ് സഹോദര പ്രസ്ഥാനം സ്ഥാപിച്ചത്.
സഹോദരൻ എന്ന പത്രം അദ്ദേഹം ആരംഭിച്ചത് ഈ സംഘടനയുടെ ആഭിമുഖ്യത്തിലാണ്. അതിനുശേഷം ഇദ്ദേഹം സഹോദരൻ അയ്യപ്പൻ എന്നറിയപ്പെടാൻ തുടങ്ങി. മതവിശ്വാസത്തിന് എതിരായിരുന്നില്ല അയ്യപ്പൻ, പകരം അദ്ദേഹം വിമർശിച്ചത് ജാതിവ്യവസ്ഥയെയായിരുന്നു. ശ്രീനാരായണഗുരുവിന്റെ ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന് എന്നതിനെ ഗുരുവിന്റെ തന്നെ സമ്മതത്തോടുകൂടി ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന്. എന്ന് വ്യത്യാസം വരുത്തി പ്രചരിപ്പിച്ചു. യുക്തിവാദി മാസികയുടെ സ്ഥാപകരിൽ ഒരാളായ അയ്യപ്പൻ ആരംഭിച്ച മറ്റൊരു പ്രസിദ്ധീകരണമാണ് വേലക്കാരൻ. ശ്രീനാരായണ സേവികാ സമാജം സ്ഥാപിച്ച അയ്യപ്പൻ പിന്നീട് രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായി.
1928 ൽ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പുരോഗമനപരമായ ആശയങ്ങൾ അദ്ദേഹം കൊച്ചിയിൽ പ്രാവർത്തികമാക്കാൻ പ്രയത്നിച്ചു. കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതാക്കളിലൊരാളയ അയ്യപ്പൻ 1938 ൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം നൽകി. മൂന്ന് മന്ത്രിസഭകളിൽ അംഗമായിരുന്ന അയ്യപ്പൻ പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്നു പിൻമാറി. ചെറിയ റോഡുകൾ മാത്രമുണ്ടായിരുന്ന എറണാകുളത്ത് അയ്യപ്പന്റെ ആസൂത്രണ മികവിന് തെളിവാണ് എം.ജി റോഡ്.
വി.ടി. ഭട്ടതിരിപ്പാട്
അമ്പലത്തിൽ ശാന്തിക്കാരനായ അക്ഷരാഭ്യാസമില്ലാത്ത യുവാവിന് ഒരു ബാലിക അക്ഷരം പഠിപ്പിച്ചുകൊടുക്കുന്നതും പിന്നീട് അക്ഷരത്തിന്റെ വെളിച്ചത്തിൽ കേരളത്തിന്റെ നവോത്ഥാന, സാഹിത്യ ചരിത്രത്തിലെ ശക്തനായ വ്യക്തിത്വമായി മാറുകയും ചെയ്ത അസാധാരണ കഥയാണ് വി.ടി. ഭട്ടതിരിപ്പാടിന്റേത്. വെള്ളിത്തിരുത്തി താഴത്തുമറയിൽ രാമൻഭട്ടതിരിപ്പാട് എന്നാണ് വി.ടി. ഭട്ടതിരിപ്പാടിന്റെ പൂർണനാമം. പൊന്നാനി താലൂക്കിൽ വെള്ളിത്തിരുത്തി മനയിൽ ജനിച്ച വി.ടി നമ്പൂതിരിയെ മനുഷ്യനാക്കിയ സാമൂഹ്യ പരിഷ്കർത്താവായിട്ടാണ് ചരിത്രം വിലയിരുത്തുന്നത്. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾ നീക്കി അവരെ പുരോഗതിയിലേക്ക് കൈപിടിച്ചുയർത്താൻ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. യോഗക്ഷേമ സഭയിൽ യുവജന വിഭാഗത്തിന്റെ നേതാവായിരുന്ന വി.ടി. 1929 ൽ നമ്പൂതിരി യുവജന സംഘത്തിന്റെ സെക്രട്ടറിയായി.
1920 ൽ യുവജന സംഘത്തിന്റെ മാസികയായ ഉണ്ണിനമ്പൂതിരിയിൽ പ്രസിദ്ധീകരിച്ച യാഥാസ്ഥിതികരുടെ ചിന്തകളെ തച്ചുടച്ച നാടകമാണ് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്. വിധവാ വിവാഹത്തിനും മിശ്രവിവാഹത്തിനും മുൻകൈയെടുത്ത വി.ടി തന്റെ കുടുംബത്തിലും അത് പ്രായോഗികമാക്കി. സമുദായത്തിൽ വൻ വിപ്ളവങ്ങൾക്ക് തിരികൊളുത്തിയ വി.ടിയുടെ അച്ഛന്റെ ശവസംസ്കാര ചടങ്ങിന് ബന്ധുക്കൾ പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സമുദായത്തിന് ഉണർവ് നൽകി, പരിഷ്കരണങ്ങളിലേക്ക് അവരെ നയിച്ചു.
കൃതികൾ: കണ്ണീരും കിനാവും (കേരള സാഹിത്യ അക്കാഡമി പുരസ്കാരം), കർമ്മ വിപാകം, രജനീരംഗം, സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു. കാലത്തിന്റെ സാക്ഷി, എന്റെ മണ്ണ്, വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും.