tka-nair

തിരുവനന്തപുരം: ശബരിമലയുടെ വികസനപ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ പകരുന്നതിനായി രൂപീകരിച്ച ഉപദേശക സമിതിയെ സർക്കാർ‌ അവഗണിക്കുന്നതായി പരാതി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഉപദേഷ്‌ടാവും മലയാളിയുമായ ടി.കെ.എ നായരുടെ അധ്യക്ഷതയിൽ പ്രവർത്തിച്ചുവരുന്ന ഉപദേശകസമിതിയെ ശബരിമലയുമായി ബന്ധപ്പെട്ട് ഈയിടെ നടന്ന ഒരൊറ്റ യോഗത്തിലേക്കും പങ്കെടുപ്പിക്കുകയോ, ക്ഷണിക്കുകയോ ചെയ്‌തിട്ടില്ലെന്നാണ് ആരോപണം.

2017 ഡിസംബറിലാണ് സമിതി രൂപീകരിച്ചത്. പമ്പയിലെയും സന്നിധാനത്തെയും നിർമ്മാണ പ്രവർത്തനങ്ങൾ, നിലയ്‌ക്കൽ ഉൾപ്പടെയുള്ള മേഖലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ തുടങ്ങിയവയ‌്‌ക്കെല്ലാം മേൽനോട്ടം വഹിക്കുന്നത് ഉപദേശക സമിതിയാണ്. എന്നാൽ പ്രളയത്തിൽ പമ്പയിലും അനുബന്ധപ്രദേശങ്ങളിലും കനത്ത നാശനഷ്‌ടുണ്ടായിട്ടും, സമിതി നോക്കുകുത്തിയായി നിലകൊള്ളുക മാത്രമാണ് ചെയ്‌തതെന്ന ആരോപണം അതിനുള്ളിൽ തന്നെ ശക്തമായിട്ടുമുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഉപദേശകസമിതിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കാട്ടി സമിതി അംഗം തന്നെ സർക്കാരിന് മുന്നിൽ പരാതിയുമായി എത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ 11 മാസത്തിനിടെ വെറും മൂന്ന് തവണ മാത്രമാണ് സമിതി യോഗം ചേർന്നത്. ദേവസ്വം മന്ത്രി മുൻകൈ എടുത്താണ് യോഗം ചേർന്നതെങ്കിലും കാര്യമായ തീരുമാനങ്ങളൊന്നും എടുക്കാതെ പെട്ടെന്ന് പിരിയുകയായിരുന്നു. സമിതിയിലെ ഭൂരിപക്ഷം അംഗങ്ങൾക്കും ശബരിമല മാസ്‌റ്റർ പ്ളാനിനെ കുറിച്ചുപോലും വ്യക്തമായ ധാരണയില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

ശബരിമലയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തിനിൽക്കവെ, തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യവികസം ഒരുക്കുന്നതിൽ പ്രാധാന്യം നൽകേണ്ട സമിതിയെ സർക്കാർ നോക്കുകുത്തിയാക്കി നിറുത്തുകയാണെന്ന കടുത്ത വിമർശം വിവിധകോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു.