ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി താലിബാനുമായി ചർച്ച നടത്താൻ ഒരുങ്ങി ഇന്ത്യ. റഷ്യയിലെ മോസ്കോയിൽ ഇന്ന് ചേരുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് താലിബാനുമായി ഇന്ത്യ ചർച്ചയ്ക്ക് ഒരുങ്ങുന്നത്. അഫ്ഗാനിസ്ഥാനിലെ സമാധാനം നിലനിർത്താൻ റഷ്യയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. അനൗദ്യോഗിക തലത്തിൽ നടക്കുന്ന ചർച്ചയിൽ ഇന്ത്യയോടൊപ്പം അമേരിക്ക, പാകിസ്ഥാൻ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയെ പ്രതിനിധീകരിച്ച് മുൻ നയതന്ത്ര പ്രതിനിധികളായ അമർ സിൻഹ, ടി.സി.എ രാഘവൻ എന്നിവരാണ് പങ്കെടുക്കുകയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ചിരുന്നയാളാണ് അമർ സിൻഹ. പാകിസ്ഥാനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് ടി.സി.എ രാഘവൻ. റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിന്റെ ഇന്ത്യൻ സന്ദർശനത്തിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാനുമായുള്ള ചർച്ചയ്ക്ക് ഇന്ത്യ ഒരുങ്ങുന്നത്.
അഫ്ഗാനിസ്ഥാനിലെ സമാധാനം നിലനിർത്തുന്നതിനുള്ള എല്ലാ പിന്തുണയും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. മോസ്കോ ഫോർമാറ്റ് എന്ന് പേരിട്ടിരിക്കുന്ന ചർച്ചയിൽ ഇന്ത്യയെ കൂടാതെ ഇറാൻ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കും ക്ഷണപത്രം അയച്ചിട്ടുണ്ടെന്ന് റഷ്യൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.