-avni-tigress

മുംബയ്: അവ്നി എന്ന കടുവയെ വെടിവച്ച് കൊന്ന സംഭവത്തിൽ നിരവധി പ്രധിഷേധങ്ങൾ ഉയരുകയാണ്. എന്നാൽ പുതിയ ഒരു ആരോപണവുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര നവ് നിർമ്മാൺ സേനാ നേതാവ് രാജ് താക്കറെ. വ്യവസായഭീമൻ അനിൽ അംബാനിയുടെ രഹസ്യ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി സർക്കാർ അവ്നിയെ വെടി വച്ച് കൊന്നതെന്ന് താക്കറെ ആരോപിച്ചു.

അംബാനിയുടെ പ്രോജക്ടിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അവ്‌നിയെ കൊലപ്പെടുത്തിയതെന്നും സർക്കാർ മനസ്സാക്ഷി അംബാനിക്ക് വിറ്റിരിക്കുകയാണെന്നും താക്കറെ ആരോപിച്ചു. കടുവയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ ദു:ഖമുണ്ട്. ഇത് ലോകമെമ്പാടും സംഭവിക്കുന്നതുമാണ്. കാട്ടിൽ അതിക്രമിച്ച് കടക്കുമ്പോഴും വന്യമൃഗങ്ങൾക്ക് ഉപദ്രവകരമായ കാര്യങ്ങൾ ചെയ്യുമ്പോഴുമാണ് അവർ ആക്രമിക്കുക. അതിന് കടുവയെ കൊല്ലേണ്ട കാര്യമുണ്ടായിരുന്നില്ല. വനംവകുപ്പ് മന്ത്രി തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുന്നപ്രസ്താവനകളാണ് നടത്തുന്നതെന്ന് താക്കറെ ആരോപിച്ചു.

അതേസമയം യവത്മാലിൽ തങ്ങൾക്ക് അങ്ങനെയൊരു പദ്ധതി ഇല്ലെന്ന് റിലയൻസ് ഗ്രൂപ്പ് പ്രതികരിച്ചതായി എക്കണോമിക്സ് ടൈംസ് റിപ്പോ‌ർട്ട് ചെയ്തു. അതേസമയം കടുവ കൊല്ലപ്പെട്ടതിന് അകലെയായി പദ്ധതി തുടങ്ങാൻ നിർദ്ദേശിച്ചിരുന്നതായി ജില്ലാ അധികൃതർ അറിയിച്ചു. കടുവ കൊല്ലപ്പെട്ടതും റിലയൻസ് പദ്ധതിയുമായി യാതൊരു വിധ ബന്ധവുമില്ലെന്നും അധികാരികൾ വ്യക്തമാക്കി.

മരിക്കുന്നതിന് മുൻപ് ഒരാഴ്ചയോളം അവ്നി ആഹാരം കഴിച്ചിരുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അവ്നിയുടെ വധത്തിന് ശേഷം പത്ത് മാസം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയും കണ്ടെത്താനായിട്ടില്ല. കടുവയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ രണ്ട് വർഷമായി 13 പേരെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് അവ്നിയെ വെടിവെച്ച് കൊല്ലാൻ സുപ്രീം കോടതി ഉത്തരവിട്ടത്. പത്ത്മാസം പ്രായമുള്ള രണ്ട് കുട്ടികളുള്ളതിനാൽകടുവയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മൃഗസംരക്ഷണ പ്രവർത്തകൻ ജെറി എബനൈറ്റ് നൽകിയ ഹർജി കോടതി തള്ളിയിരുന്നു. അവ്നിയെ പിടികൂടാൻ വൻ സന്നാഹങ്ങളായിരുന്നു ഒരുക്കിയിരുന്നത്. പ്രശസ്ത കടുവ പിടുത്തക്കാരൻ ഷഫാത്ത് അലി ഖാന്റെ മകൻ അസ്ഗർ അലിയാണ് കടുവയെ വെടിവച്ച് കൊന്നത്. വനം വകുപ്പ് അവ്നിയെ വെടിവച്ച് കൊന്ന സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയും തമ്മിൽ തർക്കങ്ങൾ മുറുകുകയാണ്.