sabarimala

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമാകവെ, മണ്ഡല മകരവിളക്ക് കാലം കൂടുതൽ കലുഷിതമാകുമെന്ന സൂചന നൽകി പുതിയ റിപ്പോർട്ട്. മണ്ഡലകാലത്ത് ശബരിമല ദർശനത്തിനായി കൂടുതൽ സ്ത്രീകൾ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. ദർശന സൗകര്യത്തിനായി കേരളപൊലീസ് ഒരുക്കിയിട്ടുള്ള പോർട്ടലിൽ 10 നും 50 നും വയസിന് മദ്ധ്യേ പ്രായുള്ള 550 യുവതികൾ രജിസ്‌റ്റർ ചെയ്‌തു കഴിഞ്ഞതായാണ് സൂചന. മൂന്നര ലക്ഷത്തോളം പേർ ഇതിനോടകം മണ്ഡലകാലത്തേക്കായി പോർട്ടലിൽ ബുക്ക് ചെയ്‌തിട്ടുണ്ട്.

എന്നാൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായി നിലനിൽക്കെ ദർശനത്തിനായി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ യുവതികളെ എങ്ങനെ ശബരിമലയിൽ എത്തിക്കുമെന്ന ചോദ്യം പൊലീസിന് മുന്നിൽ വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. മറ്റൊരു സമര മുഖത്തിന് സമാനമല്ല ശബരിമലയിലെ പ്രതിഷേധമെന്ന് ഇതിനോടകം തന്നെ സർക്കാരിന് മനസിലായിട്ടുണ്ട്. പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചുകൊണ്ട് പെട്ടെന്നുള്ള യാതൊരുവിധ പൊലീസ് നടപടിയും സന്നിധാനത്ത് സാധ്യമല്ല.

ചിത്തിര ആട്ടവിശേഷത്തിന്, ജാമറുകൾ സ്ഥാപിച്ചും കമാൻഡോകളെയും ദ്രുതകർമ്മസേനയെയും വിന്യസിച്ചുമുള്ള പരീക്ഷണങ്ങൾ നടത്തിയിരുന്നെങ്കിലും അതൊന്നും ഫലപ്രദമായിരുന്നില്ല. മാത്രമല്ല പൊലീസിനെ കാഴ്‌ചക്കാരാക്കി നിറുത്തി സംഘപരിവാർ സംഘടനകൾ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന അവസ്ഥയുമുണ്ടായി. മൂവായിരത്തിലധികം പ്രതിഷേധക്കാരാണ് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ശബരിമലയിൽ എത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. മണ്ഡലകാലത്ത് ഇത് ഇരട്ടിയിലധികമായി വർദ്ധിക്കുമെന്ന ആശങ്കയും സർക്കാരിനും പൊലീസിനും മുന്നിലുണ്ട്.