sabarimala-protest

തൃശൂർ : ശബരിമലയിലെ സ്ത്രീ പ്രവേശന വിധി ആചാര ലംഘനമാണെന്ന് ആരോപിച്ച് സമര രംഗത്തുള്ള വിശ്വാസികൾ സർക്കാരിനെയും ദേവസ്വം ബോർഡിനെയും സമ്മർദ്ദത്തിലാക്കുവാൻ പല തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ക്ഷേത്രങ്ങളിൽ കാണിക്കയർപ്പിക്കുന്നത് നിർത്തി വച്ച് സാമ്പത്തികമായി ദേവസ്വം ബോർഡിന്റെ അടിത്തറ തകർക്കാനുള്ള പദ്ധതി ഇതിലൊന്നാണ്. തുലാമാസ പൂജയിലെ ശബരിമലയിലെ കാണിക്കവരവ് കണക്കാക്കിയപ്പോൾ വിശ്വാസികളുടെ പ്രതിഷേധം ഫലിക്കുന്ന സൂചനകളാണ് ലഭിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം തൃശൂരിൽ എൽ.ഡി. എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി യോഗം ഉദ്ഘാടനം ചെയ്ത്‌കൊണ്ടുള്ള പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്ക ഇടാതെയുള്ള സമര മാർഗം സർക്കാരിനെ പ്രതിസന്ധിയിലാക്കില്ലെന്ന് സ്പഷ്ടമായി വ്യക്തമാക്കി. നിലവിൽ അമ്പലങ്ങളിലെ കാണിക്കയിൽ നിന്നും ലഭിക്കുന്ന വരുമാനം ക്ഷേത്രങ്ങളുടെ നല്ല നടത്തിപ്പിനായി ചെലവാക്കുകയാണെന്നും അതല്ലാതെ സർക്കാരിലേക്ക് ഒരു പൈസ പോലും അതിൽ നിന്നും എടുക്കാറില്ലെന്നും അദ്ദേഹം പറയുന്നു. കൂടാതെ ഒരു അമ്പലത്തിലും കാണിക്കയിടരുതെന്ന് പറയുന്ന ആർ.എസ്.എസ്സുകാരുടെ വാക്കുകൾ വിശ്വാസികൾ ആരും മുഖവിലയ്ക്ക് എടുക്കില്ല. ഇനിയിപ്പോ അങ്ങനെ ക്ഷേത്രങ്ങൾക്ക് വരുമാനമില്ലാതായാൽ തന്നെ ആ ചിലവ് സർക്കാർ ഏറ്റെടുക്കും. കൂടാതെ അമ്പലങ്ങളിൽ ശാന്തിക്കാരായവർക്കും മറ്റു ജീവനക്കാർക്കും ക്ഷേത്ര വരുമാനം കുറഞ്ഞാൽ ശമ്പളം ലഭിക്കുമോ എന്നുള്ള ആധിയും ആശങ്കയും സർക്കാർ മാറ്റുമെന്നും, സർക്കാർ ഒപ്പമുണ്ടാവുമെന്ന വാക്കും അദ്ദേഹം നൽകി.