km-shaji

കൊച്ചി: അഴീക്കോട് എം.എൽ.എ കെ.എം ഷാജി അയോഗ്യനെന്ന് ഹൈക്കോടതി. എതിർ സ്ഥാനാർത്ഥിയായിരുന്ന നികേഷ് കുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. തിരഞ്ഞെടുപ്പ് സമയത്ത് കെ.എം ഷാജി വർഗീയ ധ്രുവീകരണം നടത്തിയെന്ന പരാതിയുമായാണ് നികേഷ് കോടതിയെ സമീപിച്ചത്. ആറ് വർഷത്തേക്ക് കെ.എം ഷാജിയ്‌ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്.

മുസ്‌‌ലിം ലീഗ് സ്ഥാനാർത്ഥിയായ ഷാജി വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് മറിക്കുകയായിരുന്നുവെന്ന് നികേഷ് കോടതിയെ ബോധിപ്പിച്ചു. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം തള്ളിയ കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവിട്ടു. ജസ്‌റ്റിസ് പി.ഡി.രാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നികേഷ് കുമാറിന് 50000 രൂപ കോടതി ചിലവ് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്.

ഇടതുപക്ഷ സ്ഥാനാർത്ഥിയായ നികേഷ് കുമാറിനെ 2462 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.എം ഷാജി അഴീക്കോട് തോൽപ്പിച്ചത്. അതേസമയം, സ്റ്റേയ്‌ക്ക് അപേക്ഷ നൽകുമെന്ന് കെ.എം.ഷാജി പ്രതികരിച്ചു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും. ഒരു വിധി കൊണ്ട് തന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാനാവില്ല. നികേഷ്‌കുമാർ വളരെ മോശമായി വളച്ചൊടിച്ച കേസാണിതെന്നും ഷാജി പറഞ്ഞു.