തിരുവനന്തപുരം: കാവുവിള സ്വദേശി സനൽകുമാറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഡി.വൈ.എസ്.പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കുടുംബം സമരത്തിലേക്ക്. പ്രതിയെ അറസ്റ്ര് ചെയ്യുന്നതുവരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് സനൽ കുമാറിന്റെ സഹോദരി പറഞ്ഞു. സനൽ കുമാറിനെ ആക്രമിച്ച കൊടങ്ങാവിളയിൽ രണ്ട് മക്കളുമായി സമരം നടത്തുമെന്ന് ഭാര്യ വിജി അറിയിച്ചു. ഡി.വൈ.എസ്.പിയെ എന്നാണോ അറസ്റ്റ് ചെയ്യുന്നത് അന്ന് വരെ അവിടെ സമരം തുടരാനാണ് ഭാര്യ വിജിയുടെ തീരുമാനം. കൂടാതെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തുന്ന മാർച്ച് പുരോഗമിക്കുകയാണ്.
സനൽ കുമാർ കൊലക്കേസിൽ ഒളിവിൽ കഴിയുന്ന ഡി.വൈ.എസ്.പി ഹരികുമാറിനെ കണ്ടെത്താനായി അന്വേഷണ സംഘം പുതിയ വഴികൾ തേടുന്നു. കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഡി.വൈ.എസ്.പി ഹരികുമാർ ഒളിവിൽ തുടരുന്നത് പൊലീസിനും സർക്കാരിനും വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങാനായി ബന്ധുക്കളും സുഹൃത്തുക്കളും വഴി അന്വേഷണ സംഘം സമ്മർദ്ദം ശക്തമാക്കിയത്.