കോട്ടയം: യഥാർത്ഥ പൊലീസ് എത്തുമ്പോൾ കടുവാക്കുളം എമ്മാവൂസ് പബ്ലിക് സ്‌കൂൾ മൈതാനത്ത് മൂന്ന് യുവതികൾ അടക്കം പതിനഞ്ചു പേർ പൊലീസാകാനുള്ള കഠിന പരിശീലനത്തിലായിരുന്നു. കഴിഞ്ഞ മാസമാണ് മുണ്ടക്കയം സ്വദേശിയായ നാൽപ്പതുകാരി റിക്രൂട്ട്‌മെന്റിനെക്കുറിച്ച് അറിഞ്ഞത്. ട്രാഫിക് പൊലീസലേയ്ക്ക് ഹോം ഗാർഡ് മാതൃകയിൽ ആളുകളെ നിയമിക്കുന്നെന്നായിരുന്നു ഷൈമോന്റെ വാട്സ് ആപ്പ് സന്ദേശം. കോട്ടയം നഗരത്തിലടക്കം ട്രാഫിക് ഡ്യൂട്ടിയിൽ ഷൈമോനെ ഇവർ കണ്ടിട്ടുണ്ട്. അതുകൊണ്ട് സംശയമൊന്നും തോന്നിയില്ല. സർക്കാർ ജോലി എന്ന മായിക വലയത്തിൽ വീണ ഈ വീട്ടമ്മ അയൽവാസികളെയും സുഹൃത്തുക്കളെയും സഹോദരിയെയും വരെ ഒപ്പം കൂട്ടി.
എഴുത്തു പരീക്ഷ ആദ്യം നിശ്ചയിച്ചിരുന്നത് പാമ്പാടിയിലെ ഒരു സ്‌കൂളിലായിരുന്നു. എന്നാൽ പരീക്ഷാ ദിവസം രാവിലെ സെന്റർ കുടുവാക്കുളം എമ്മാവൂസ് സ്‌കൂളിലേക്ക് മാറ്റി. 200 ഫീസ് വാങ്ങി. പറ്റേന്നു തന്നെ വിജയിച്ചതായി വാട്സ്ആപ്പിൽ സന്ദേശമെത്തി. രണ്ടു ദിവസത്തിനുള്ളിൽ പരീശീലനം തുടങ്ങും, യൂണിഫോം ധരിച്ച് എത്തണമെന്നായിരുന്നു നിർദേശം. 800 രൂപ മുടക്കി തുണി വാങ്ങി യൂണിഫോം തയ്പ്പിച്ചു. എന്നാൽ അതിട്ടു നോക്കാൻ കഴിയും മുൻപ് സംഘാടകരെ പൊലീസ് പൊക്കി.
വിശ്വസിപ്പിക്കാൻ തട്ടിപ്പിന്റെ തന്ത്രങ്ങൾ
സാധാരണക്കാരെ വിശ്വസിപ്പിക്കാൻ വേണ്ടതെല്ലാം തട്ടിപ്പുകാരുടെ കൈയിലുണ്ടായിരുന്നു. റിക്രൂട്ട്‌മെന്റ് അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ വ്യാജ ഉത്തരവ്, ലെറ്റർ പാഡ്, സീൽ അങ്ങിനെ അങ്ങിനെ. വ്യാജ 'എ.എസ്.പി'യായിരുന്നു ട്രാഫിക് ട്രെയിനിംഗ് പൊലീസ് ഫോഴ്സിന്റെ മേധാവി . പരീക്ഷയും പരിശീലനവും നടക്കുന്നിടങ്ങളിൽ ഇടയ്ക്ക് ബീക്കൺ ലൈറ്റ് വച്ച വാഹനത്തിൽ എ.എസ്.പി 'മിന്നൽ' സന്ദർശനം നടത്താറുമുണ്ട്. അപ്പോഴൊക്കെ 'സി.ഐ'മാരും'എസ്.ഐ'മാരും ഓടി വന്നു സല്യൂട്ട് ചെയ്യും.
ഓരോ പ്രദേശത്തും റിക്രൂട്ട്‌മെന്റ് നടത്തും മുൻപ് പ്രദേശവാസികളിൽ ഒരാളെ സഹായിയായി കൂട്ടും. അയാളുടെ ബന്ധുക്കൾക്ക് ജോലി വാഗ്ദാനം ചെയ്യും. ഇത്തരത്തിലാണ് തട്ടിപ്പിന് അരങ്ങൊരുക്കിയിരുന്നത്. വ്യാജലെറ്റർ പാഡിൽ തലസ്ഥാന നഗരത്തിന്റെ പേരുപോലും തെറ്റായാണ് അടിച്ചിരുന്നത്.അതുപോലും ഉദ്യോഗാർത്ഥികൾ ശ്രദ്ധിച്ചില്ല.