km-shaji-

കണ്ണൂർ: അഴീക്കോട് എം.എൽ.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിൽ പ്രതികരിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ രംഗത്ത്. ചുരമിറങ്ങിയ തീവ്രവാദികൾ മുസ്ലീം ലീഗിലുണ്ടെന്നതിനുള്ള തെളിവാണ് കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹാൈക്കോടതി വിധിയെന്ന് ജയരാജൻ പറഞ്ഞു. ആർ.എസ്.എസ് നേതാവ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്താണ് വികസന മാതൃകയെന്ന് പറഞ്ഞ നേതാവാണ് കെ.എം ഷാജി. ഒരു ഭാഗത്ത് മുസ്ലീം ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നയാളെന്ന അവകാശപ്പെടുകയും മറ്റൊരു ഭാഗത്ത് ആർ.എസ്.എസിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ജയരാജൻ വ്യക്തമാക്കി. വിധിയെ സ്വാഗതം ചെയ്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.

അൽപസമയത്തിന് മുമ്പായിരുന്നു കെ.എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. എതിർ സ്ഥാനാർത്ഥിയായിരുന്ന നികേഷ് കുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. തിരഞ്ഞെടുപ്പ് സമയത്ത് കെ.എം ഷാജി വർഗീയ ധ്രുവീകരണം നടത്തിയെന്ന പരാതിയുമായാണ് നികേഷ് കോടതിയെ സമീപിച്ചത്. ആറ് വർഷത്തേക്ക് കെ.എം ഷാജിയ്‌ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്.

മുസ്‌‌ലിം ലീഗ് സ്ഥാനാർത്ഥിയായ ഷാജി വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് മറിക്കുകയായിരുന്നുവെന്ന് നികേഷ് കോടതിയെ ബോധിപ്പിച്ചു. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം തള്ളിയ കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവിട്ടു. ജസ്‌റ്റിസ് പി.ഡി.രാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നികേഷ് കുമാറിന് 50000 രൂപ കോടതി ചിലവ് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്.