km-shaji

കണ്ണൂർ: അഴീക്കോട് എം.എൽ.എ കെ.എം ഷാജി അയോഗ്യനാണെന്ന് വിധിച്ചതിന് പിന്നിൽ കോടതി പ്രധാനമായി പരിഗണിച്ചത് ഒരു ലഘുലേഖയായിരുന്നു. തന്റെ ചിത്രം ആലേഖനം ചെയ്‌ത് അച്ചടിച്ച ലഘുലേഖയിലൂടെ കടുത്ത വർഗീയ ധ്രുവീകരണത്തിനായാണ് കെ.എം. ഷാജി ശ്രമിച്ചതെന്ന് എതിർസ്ഥാനാർത്ഥിയായിരുന്ന നികേഷ് കുമാർ കോടതിയിൽ ബോധിപ്പിച്ചു. വീടുകളിൽ വിതരണം ചെയ്‌ത കടുത്ത വർഗീയ പരാമർശമുള്ള നോട്ടീസാണ് ഷാജിയുടെ അയോഗ്യതയ്‌ക്ക് കാരണമായത്.

തെരഞ്ഞെടുപ്പ് സമയത്ത് നികേഷിനെതിരെ എട്ടോളം ലഘുലേഖകൾ പ്രചരിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. ആരോപണം ഉയർന്നതിനെ തുടർന്ന് വളപട്ടണം പൊലീസ് മുസ്ലീം ലീഗ് കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്‌തു. പ്രസ്‌തുത പരിശോധനയിലാണ് ലഘുലേഖകൾ കണ്ടെത്തിയത്. മതപരമായ ഫത്‌വ പോലെ കർശനമായി അനുസരിക്കേണ്ട ഉത്തരവായാണ് ലഘുലേഖയിൽ പറഞ്ഞിട്ടുള്ളത്.

ലഘുലേഖയുടെ ഉള്ളടക്കം-

'കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കൽ അമുസ്ലീങ്ങൾക്ക് സ്ഥാനമില്ല. അന്ത്യനാളിൽ അവർ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവർ ചെകുത്താന്റെ കൂടെ അന്തി ഉറങ്ങേണ്ടവരാണ്. അഞ്ചുനേരം നിസ്‌ക്കരിച്ച് നമ്മൾക്കു വേണ്ടി കാവൽ തേടുന്ന ഒരു മുഹ്മീനായ കെ. മുഹമ്മദ് ഷാജി എന്ന കെ.എം ഷാജിയെ വിജയിപ്പിക്കുവാൻ എല്ലാ മുഹ്മീനുകളും അല്ലാഹുവിനോട് പ്രാർത്ഥിക്കൂ.

സത്യവിശ്വാസികളേ, ഒരു അധർമ്മകാരി വല്ല വാർത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാൽ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്‌ക്ക് നിങ്ങൾ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്‌തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാൻ വേണ്ടി' -ഇതായിരുന്നു ലഘു ലേഖകളിൽ ഒന്നിന്റെ ഉളളടക്കം.