1. അഴീക്കോട് എം.എൽ.എ കെ.എം ഷാജി അയോഗ്യനെന്ന് ഹൈക്കോടതി. കോടതി ഉത്തരവ്, വർഗ്ഗിയ പ്രചാരണം നടത്തി എന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി നികേഷ് കുമാറിന്റെ പരാതിയിൽ. അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്നും ഹൈക്കോടതി. 6 വർഷത്തേക്കാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്. എന്നാൽ വിജയിയായി പ്രഖ്യാപിക്കണം എന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി. അന്തിമ വിധിയായി കാണേണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
2. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് വിദേശത്തേക്കു പോകാൻ അനുമതി തേടി സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. ഹർജി പരിഗണിക്കുക, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. വിസ സ്റ്റാമ്പിംഗിനായി കഴിഞ്ഞ ദിവസം ദിലീപിന്റെ പാസ്‌പോർട്ട് കോടതി വിട്ടുനൽകിയിരുന്നു എങ്കിലും യാത്രാനുമതിയുടെ കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല.
3. സിനിമാ ചിത്രീകരണത്തിനായി നവംബർ 15 മുതൽ ജനുവരി 5 വരെ ബാങ്കോക്കിലേക്ക് പോകുന്നതിനാണ് ദിലീപ് കോടതിയുടെ അനുമതി തേടിയത്. ഇക്കാര്യത്തിൽ കോടതി ഇന്ന് തീരുമാനമെടുക്കും. എന്നാൽ ഒന്നര മാസം വിദേശ യാത്ര നടത്താൻ പ്രതിക്ക് അനുവാദം നൽകരുതെന്ന നിലപാടിൽ ഉറച്ച് പ്രോസിക്യൂഷൻ.
4. സനൽ കുമാറിന്റെ കൊലപാതകത്തിൽ നീതികിട്ടും വരെ തെരുവിൽ സമരം നടത്തുമെന്ന് സനലിന്റെ കുടുംബം. സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും ഭാര്യ വിജി. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമെന്ന് സഹോദരിയും.
5. അതേസമയം. ആരോപണ വിധേയനായ ഡിവൈ.എസ്.പി ഹരികുമാറിനെ കണ്ടെത്താൻ പുതിയ വഴികൾ തേടി അന്വേഷണ സംഘം. കൊലപാതകം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും ഉദ്യോഗസ്ഥൻ ഒളിവിൽ തുടരുന്ന സാഹചര്യത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും വഴി കീഴടങ്ങാനായി സമ്മർദ്ദം ശക്തമാക്കി അന്വേഷണ സംഘം. ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും മുൻപ്, ഹരികുമാറിനെ അറസ്റ്റു ചെയ്യാൻ തീവ്രശ്രമം.
6. അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് എസ്.പി ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം നെയ്യാറ്റിൻകരയിൽ സനൽ മരിച്ചു കിടന്ന സ്ഥലത്ത് എത്തി കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. സനലിന്റെ ഭാര്യയിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തി. അതേസമയം, അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു എങ്കിലും ഹരികുമാറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് തുടരുന്നതായി റൂറൽ എസ്.പി പി അശോക്.
7. മന്ത്രി കെ.ടി. ജലീലിനെ വെട്ടിലാക്കിയ ബന്ധുനിയമന വിവാദം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും. നിയമസഭാ സമ്മേളനം ചേരാനിരിക്കെ, പ്രതിപക്ഷം നിലപാട് കടുപ്പിക്കാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള തടിയൂരൽ നടപടി സി.പി.എം സ്വീകരിച്ചേക്കാം. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് മന്ത്രിബന്ധുവായ കെ.ടി. അബീദിനെ സ്വയം രാജിവയ്പിക്കുകയോ നിയമനം റദ്ദാക്കുകയോ ചെയ്യാനാണ് സാദ്ധ്യത.
8. വിവാദം തലവേദന സൃഷ്ടിച്ചെങ്കിലും മന്ത്രി ജലീലിനെ തത്കാലം സി.പി.എം കൈവിട്ടേക്കില്ല. ആരോപണം ഉന്നയിക്കുന്നവർ കോടതിയെ സമീപിക്കുകയോ, കോടതിയിൽ നിന്ന് എന്തെങ്കിലും ദോഷകരമായ പരാമർശങ്ങൾ ഉണ്ടാവുകയോ ചെയ്താൽ മാത്രമേ അത്തരമൊരു തീരുമാനത്തിലേക്ക് സർക്കാരും സി.പി.എം നേതൃത്വവും നീങ്ങാൻ ഇടയുള്ളൂ. ആരോപണം ഉയർന്നപ്പോൾ മന്ത്രി നടത്തിയ വിശദീകരണവും മറ്റും പ്രശ്‌നം വഷളാക്കാൻ വഴിയൊരുക്കിയെന്ന അഭിപ്രായം സി.പി.എം നേതൃത്വത്തിൽ ശക്തമാണ്.
9. അതേസമയം, ഡെപ്യൂട്ടേഷൻ നിയമനം എന്ന പിടിവള്ളിയിൽ തൂങ്ങി കൈകഴുകാം എന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി ജലീൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തന്റെ വാദങ്ങൾ വിശദീകരിച്ചിരുന്നു. ഇന്നലെ എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും മന്ത്രി ജലീൽ കാര്യങ്ങൾ വിശദീകരിച്ചു. വി്വാദങ്ങൾ പരിശോധിക്കുമെന്ന് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയ കോടിയേരി ബാലകൃഷ്ണൻ പരാതിയുള്ളവർ കോടതിയിൽ പോകട്ടെ എന്നായിരുന്നു പ്രതികരിച്ചത്.
10. ചരിത്രത്തിൽ ആദ്യമായി താലിബാനുമായി ഇന്ത്യ ചർച്ച നടത്തുന്നു. അനൗദ്യോഗിക ചർച്ചയാണ് നടത്തുന്നത്. ഇന്ന് മോസ്‌കോയിൽ നടക്കുന്ന ചർച്ചയിൽ പ്രധാന അജണ്ട, അഫ്ഗാനിസ്ഥാനിൽ സമാധാനം സ്ഥാപിക്കുന്നത്. സമാധാന പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്ന റഷ്യ വിളിച്ചു ചേർത്ത ചർച്ചയിൽ ഇന്ത്യയെ കൂടാതെ, അമേരിക്ക, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളും പങ്കെടുക്കും.
11. അഫ്ഗാനിസ്താനിൽ സമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്ന് വിദേശകാര്യ വാക്താവ് രവീഷ് കുമാർ. അനൗദ്യോഗികം ആയാണ് ഇന്ത്യ ചർച്ചയിൽ പങ്കാളിയാകുന്നത്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ അമർ സിൻഹ, പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈകമ്മിഷണർ ടി.സി.എ രാഘവൻ എന്നിവരാണ് ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുഡിൻ കഴിഞ്ഞ മാസം ഇന്ത്യയിൽ എത്തിയതിനു പിന്നാലെ ആണ് ഈ തീരുമാനം ഉണ്ടായത്.