തിരുവനന്തപുരം: വർഗീയ ധ്രുവീകരണം നടത്തിയതിന് അഴീക്കോട് എം.എൽ.എ കെ.എം ഷാജിയെ മണിക്കൂറുകൾക്ക് മുമ്പാണ് ഹൈക്കോടതി അയോഗ്യനാക്കിയത്. എതിർ സ്ഥാനാർത്ഥിയായിരുന്ന എം.വി നികേഷ് കുമാർ സമർപ്പിച്ച ഹർജിയിലായിരുന്നു വിധി. വിധി വന്നതിന് പിന്നാലെ കെ.എം ഷാജി വർഷങ്ങൾക്ക് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുകഴ്ത്തിയ പ്രസംഗം ചർച്ചയാവുകയാണ്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രതികരണവും ഈ പരാമർശത്തെ താരതമ്യം ചെയ്തായിരുന്നു. ഒരു ഭാഗത്ത് മുസ്ലീം ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നയാളെന്ന അവകാശപ്പെടുകയും മറ്റൊരു ഭാഗത്ത് ആർ.എസ്.എസിനെ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് ജയരാജൻ പറഞ്ഞത്.
2013 മാർച്ച് ആറിന് കണ്ണൂർ കടവത്തൂരിൽ നടന്ന മുസ്ലീം ലീഗ് പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ഷാജി മോദിയെ വാനോളം പുകഴ്ത്തിയത്. ഗുജറാത്ത് കലാപത്തിൽ മോദിയ്‌ക്ക് പങ്കില്ലെന്നും കലാപത്തിൽ ഹിന്ദുത്വ അജണ്ടയുണ്ടായിരുന്നില്ല. മുസ്ലീങ്ങളെ മോദി കൊന്നൊടുക്കിയിട്ടില്ല. ഒരു പള്ളിപോലും ആക്രമിച്ചിട്ടോ നശിപ്പിച്ചിട്ടോ ഇല്ല. ഗുജറാത്തിൽ പോയി അവിടുത്തെ മനുഷ്യാവകാശ പ്രവർത്തകരുമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ മനസിലായത്. കലാപം വ്യവസായികൾ സ്‌പോൺസർ ചെയ്തതായിരുന്നു. ഇതിൽ മതത്തെ മറയാക്കിയെന്നുമാത്രം ഷാജി പറഞ്ഞു.
ഈ കലാപത്തോടെയാണ് വൻ വ്യവസായികൾക്ക് ഗുജറാത്തിന്റെ മണ്ണിൽ കാലുകുത്താൻ കഴിഞ്ഞത്. അവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും ഐക്യത്തോടെയാണ് കഴിയുന്നത്. മോഡിയെക്കുറിച്ച് മലയാളികളായ മുസ്ലിങ്ങൾക്ക് നല്ലതേ പറയാനുള്ളൂ. വികസന കാര്യത്തിൽ ഗുജറാത്തിനെ മാതൃകയാക്കാമെന്നതിൽ സംശയം വേണ്ട ഷാജി പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ഷാജി മോദിയെ പ്രകീർത്തിച്ച് സംസാരിച്ചത്.