കഴക്കൂട്ടം: മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനിയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അട്ടിമറി സംശയത്തെ തുടർന്ന് ജീവനക്കാരായ രണ്ട് ബംഗാളികളെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കമ്പനിയിലെ ജീവനക്കാരാണ് ഇവർ. സംഭവ ദിവസം രാവിലെ ഏഴുമണിമുതൽ വൈകുന്നേരം വരെ ജോലിയിലുണ്ടായിരുന്ന ഇവർ ജോലി സമയം കഴിഞ്ഞ് കമ്പനിയിൽ ആദ്യം തീപിടിത്തമുണ്ടായ മൂന്നു നിലകെട്ടിടത്തിലെ സ്റ്റോർ റൂമിന് സമീപം ദുരൂഹ സാഹചര്യത്തിൽ നിൽക്കുന്നത് സി.സി.ടി.വിയിൽ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ പത്തുവർഷമായി കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് ഇരുവരുമെന്നാണ് സൂചന. സ്റ്റോർ റൂമിന് സമീപത്തേക്ക് ഇവർക്ക് പ്രവേശിക്കേണ്ട കാര്യമില്ല. ജോലി സമയം കഴിഞ്ഞ് കമ്പനിയ്ക്കുളളിൽ ഇവർ ചുറ്റിതിരിഞ്ഞതും മുകൾ നിലയിൽ നിന്ന് തീപിടിത്തമുണ്ടാകുന്നതിന് തൊട്ടുമുമ്പ് അവർ രക്ഷപ്പെട്ടതുമാണ് സംശയങ്ങൾക്കിടയാക്കുന്നത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് കരുതിയിരുന്നെങ്കിലും കമ്പനിയിൽ പല തവണ അഗ്നി ബാധയുണ്ടായത് സംശയങ്ങൾക്കിടയാക്കിയിരുന്നു. സാഹചര്യത്തിലാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനിയിലെ സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ പൊലീസ് ദിവസങ്ങളായി ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലായ രണ്ട് ജീവനക്കാരുടെ മൊബൈൽഫോണുകൾ പൊലീസ് പിടികൂടി വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ എന്തെങ്കിലും വിധത്തിലുളള അട്ടിമറിയുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ജോലികഴിഞ്ഞ് കമ്പനിയുടെ മൂന്നുനിലകെട്ടിടത്തിൽ സ്റ്റോർ റൂമിന് സമീപത്തേക്ക് പോയതെന്തിനെന്ന ചോദ്യത്തിന് ഇവരിൽ നിന്ന് വ്യക്തമായ വിവരം പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. വിദേശ വിപണിയിലടക്കം വൻ ഡിമാന്റുള്ള ഫാമിലി പ്ലാസ്റ്റിക്കിനെ തകർക്കാൻ നടത്തിയ ഗൂഡ നീക്കമാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.