novel

റോഡിൽ തിരക്ക് തീരെ കുറവല്ലായിരുന്നു.
എസ്.പി അരുണാചലം ആക്സിലറേറ്റർ അല്പം കൂടി ഞെരിച്ചു.

കാർ പത്തനംതിട്ട പ്രൈവറ്റ് സ്റ്റാന്റിനോട് അടുത്തു. പെട്ടെന്നു സെൽഫോൺ ശബ്ദിച്ചു.
എടുത്തു നോക്കിയപ്പോൾ സി.ഐ അലക്സ് എബ്രഹാം ആണ്.

അരുണാചലം കാർ ഇടത്തേക്ക് ഒതുക്കി നിർത്തിക്കൊണ്ട് അറ്റന്റു ചെയ്തു.
''ങാ. പറ അലക്‌സേ...'
''സാർ..' അലക്സ് എബ്രഹാമിന്റെ ശബ്ദം. ''തെക്കേമലയിൽ കരടിവാസുവിന്റെ വീട്ടിൽ നടന്ന സ്‌ഫോടനത്തിനു പിന്നിൽ സ്പാനർ മൂസയെന്ന കുപ്രസിദ്ധ ഗുണ്ടയാണ്.''
''ങ്‌ഹേ?''

എസ്.പി കാറിന്റെ എൻജിൻ ഓഫു ചെയ്തു:
''തന്നോട് ഇത് ആരു പറഞ്ഞു?''
''പിങ്ക് പോലീസ് എസ്.ഐ വിജയ. അവളുടെ അച്ഛന്റെ കൈയിൽ അതിനുള്ള തെളിവുണ്ടെന്ന്.''
അരുണാചലം അമർത്തി മൂളി.

''താൻ ഉടനെ അങ്ങോട്ടു പോകണം. വിജയയുടെ അച്ഛനെ കാണണം.''
''സാർ... പിന്നെ.. '' ഒന്നു നിർത്തിയിട്ട് സി.ഐ അറിയിച്ചു: ''ഈ സ്പാനർ മൂസ കഴിഞ്ഞ ദിവസം മുൻ ആഭ്യന്തരമന്ത്രി രാജസേനന്റെ വീട്ടിൽ എത്തിയിരുന്നു എന്നൊരു സൂചനയുണ്ട്. മാത്രമല്ല ഇന്നലെ കരടി വാസുവും അവിടെ പോയിരുന്നു. ഷാഡോ പോലീസ് ശേഖരിച്ച വിവരമാണ്.''

അരുണാചലത്തിന്റെ കണ്ണുകൾ വികസിച്ചു.
കരടി വാസു, രാജസേനനെ ബ്ളാക് മെയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടാവുമെന്നും അതിന് രാജസേനൻ നൽകിയ മറുപടിയാവും ആ സ്‌ഫോടനമെന്നും അയാൾ ഊഹിച്ചു.

''ശരി സാർ... എങ്കിൽ ഞാൻ...''
അലക്സ് എബ്രഹാം തിരക്കി.
''ഓക്കെ.''

കാൾ കട്ടു ചെയ്തു അരുണാചലം. പിന്നെ കോഡ്രൈവർ സീറ്റിൽ ഇരുന്ന തന്റെ ലാപ്‌ടോപ്പ്എടുത്ത് ഓപ്പൺ ചെയ്തു.
അതിൽ 'നൊട്ടോറിയസ് ക്രിമിനിൽസ്' എന്നു ടൈപ്പു ചെയ്തിട്ട് സ്പാനർ മൂസയെ തിരഞ്ഞു.
കണ്ടെത്തി!
അയാളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോയിൽ ഒന്നു സൂക്ഷിച്ചു നോക്കിയ ശേഷം മറ്റ് ഡീറ്റയിൽസ് ഓടിച്ചു വായിച്ചു.
'കേരളത്തിൽ ഇന്നുള്ള ക്രിമിനലുകളിൽ ഏറ്റവും വിലയേറിയവൻ... ഇരകളെ സ്പാനർ കൊണ്ടാണ് വകവരുത്തുക. ഉന്നതന്മാരുടെ കേസുകളോടാണ് താൽപ്പര്യം. അതിലൂടെ കൂടുതൽ കുപ്രസിദ്ധി നേടാം. അതിനനുസരിച്ച് വില കൂട്ടാം, അടുത്ത വർക്കിന്.'

സന്തത സഹചാരികൾ മൂന്നുപേരുണ്ട്. പക്ഷേ അവരുടെ പേരുകൾ വ്യക്തമല്ല..
അത്രയും വായിച്ചിട്ട് അരുണാചലം ലാപ്‌ടോപ്പ് മടക്കി സീറ്റിൽത്തന്നെ വച്ചു.
വീണ്ടും കാർ സ്റ്റാർട്ടു ചെയ്തു.
അബാൻ ജംഗ്ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു.

കോന്നിക്കടുത്ത്ഒരു ബന്ധുവിന്റെ പൂട്ടിക്കിടന്നിരുന്ന വീടാണ് അയാളിപ്പോൾ ഉപയോഗിക്കുന്നത്.
കാർ, സബ് ജയിൽ കടന്നുള്ള കയറ്റം കയറി. പിന്നീട്‌ചെറിയ ഇറക്കം.
ആ ഭാഗത്ത് റോഡിൽ തിരക്കു കുറഞ്ഞിരുന്നു.
പൊടുന്നനെ...

ഇടറോഡിൽ നിന്നൊരു ബൈക്ക് മെയിൻ റോഡിലേക്കു പാഞ്ഞുകയറി.
അത് വന്നിടിച്ചത് അരുണാചലത്തിന്റെ കാറിന്റെ ഒത്ത മദ്ധ്യത്തിൽ... ഡോറുകൾ ചേരുന്ന ഭാഗത്ത്.
അരുണാചലം ബൈക്കു കണ്ട് ബ്രേക്കമർത്തുന്നതിനു മുൻപു തന്നെ ഇടി നടന്നിരുന്നു.

അതിലിരുന്ന മനുഷ്യൻ ഒരു ഭാഗത്തേക്കു വീണു.
അതിനിടെ എസ്.പിയുടെ കൈയിൽ നിന്ന് സ്റ്റിയറിംഗ് പാളി....
കാർ റോഡിൽ വട്ടം തിരിഞ്ഞു. അപ്പോഴേക്കും അരുണാചലം ബ്രേക്കിട്ടു.
തൊട്ടുപിന്നിൽ നീളൻ ഹോൺ വിളിയോടെ സുമോയും ബ്രേക്കിട്ടു.
അതിന്റെ ഡ്രൈവിങ് സീറ്റിൽ നിന്ന് സ്പാനർ മൂസ ചാടിയിറങ്ങി.

കാറിൽ നിന്ന് അരുണാചലം പുറത്തിറങ്ങുമ്പോഴേക്കും മൂസ മുന്നിലെത്തിയിരുന്നു.
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ആ മുഖം കണ്ട് അരുണാചലം ഒന്നു ഞെട്ടി.
''യൂ... യൂ...''

ബാക്കി പറയും മുൻപ് മൂസ, അരുണാചലത്തിന്റെ മുഖത്ത് ഒരു കർച്ചീഫ് അമത്തി. എന്നിട്ടു മന്ത്രിച്ചു.
''അതെ. ഞാൻ തന്നെ.''
ബൈക്കിൽ നിന്നു വീണയാൾ അവിടേക്ക് ഓടിച്ചെന്നു.

അരുണാചലത്തിന്റെ സ്വബോധം മറഞ്ഞിരുന്നു.
ഇരുവരും ചേർന്ന് തിടുക്കത്തിൽ എസ്.പിയെ സുമോയിൽ കയറ്റി.
ഒപ്പം അവർ രണ്ടുപേരും ചാടിക്കയറി. (തുടരും)