ചെന്നൈ: ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ സർക്കാരിനെ വിവാദങ്ങൾ വിടാതെ പിൻതുടരുകയാണ്. എ.ഐ.ഡി.എം.കെ പ്രവർത്തകർ സിനിമയ്ക്കെതിരെ വൻ പ്രതിഷേധങ്ങളാണ് തമിഴ്നാട്ടിൽ ഉയർത്തുന്നത്. വിജയ്‌യുടെ കട്ടൗട്ടുകളും ഫ്ലക്സുകളും തീയേറ്ററിന് മുന്നിൽ നിന്ന് നീക്കം ചെയ്യുകയും പലയിടങ്ങളിലും സെക്കന്റ്ഷോ റദ്ദാക്കുകയും ചെയ്തിരുന്നു. സർക്കാർ സിനിമയിൽ നിലവിലെ ഭരണകക്ഷിയായ എ.ഐ.ഡി.എം.കെയെ അധിക്ഷേപിക്കുന്ന വിധത്തിലുള്ളതാണെന്നും അത് നീക്കം ചെയ്യണമെന്നുമാണ് പാർട്ടി പ്രവർത്തകരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് എ.ഐ.ഡി.എം.കെ മന്ത്രിമാരും രംഗത്തെത്തിയിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമർശങ്ങൾ ചിത്രത്തിലുണ്ടെന്നും പാർട്ടി അംഗങ്ങൾ ആരോപിച്ചു.
സർക്കാർ സിനിമയിലെ 'ഒരുവിരൽ പുരട്ചി' എന്ന ഗാനത്തിലെ ഒരു രംഗമാണ് എ.ഐ.ഡി.എം.കെയെ പ്രകോപിപ്പിച്ചത്. ജയലളിതാ സർക്കാർ ജനങ്ങൾക്ക് സൗജന്യമായി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. സമാനമായ രീതിയിൽ ഗാനരംഗത്തിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തിക്കുന്ന രംഗമുണ്ട് എ.ഐ.ഡി.എം.കെ ആരോപിച്ചു. ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ അവതരിപ്പിക്കുന്ന കോമളവല്ലി എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവാദ ഡയലോഗ് മ്യൂട്ട് ചെയ്യുമെന്നും വിവാദ രംഗം ചിത്രത്തിൽ നിന്ന് ഒഴിവാക്കാമെന്നും അണിയറ പ്രവർത്തകർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
തമിഴ് നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ യഥാർത്ഥ പേരാണ് കോമളവല്ലി എന്നത്. ദീപാവലി റിലീസായി തീയേറ്ററുകളിലെത്തിയ സർക്കാർ ബോക്സോഫീസിൽ വമ്പൻ കളക്ഷനുമായി മുന്നേറുകയാണ്. കേരളത്തിലെ ആദ്യദിന കളക്ഷനിൽ ബാഹുബലിയെ കടത്തിവെട്ടിയെന്നാണ് റിപ്പോർട്ടുകൾ.ആദ്യ ദിനത്തിൽ ബാഹുബലി നേടിയത് 5.45 കോടി രൂപയാണ്.