കൊച്ചി: മയക്കുമരുന്ന് ഇടപാടുകൾക്ക് മാത്രമായി പ്രവർത്തിക്കുന്ന വെബ് സൈറ്റിനെക്കുറിച്ച് കൊച്ചി സിറ്റി പൊലീസിന് വിവരം ലഭിച്ചു. കോളേജ് വിദ്യാർത്ഥികളെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സൈറ്റ് കേരളത്തിന് പുറത്ത് നിന്നാണ് നിയന്ത്രിക്കുന്നത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ ഓൺലൈൻ വഴി മയക്കുമരുന്ന് ഇടപാട് നടക്കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വെബ് സൈറ്റ് ഏതെന്നോ ഇതിന് പിന്നിൽ ആരെല്ലാമാണെന്നോ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഓൺലൈനായി മയക്കുമരുന്ന് വില്പന നടത്തിയ കേസിൽ ചാലക്കുടി സ്വദേശിയായ ഒരു എൻജിനീയറിംഗ് വിദ്യാർത്ഥിയെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് വിദ്യാർത്ഥികൾക്കിടയിൽ വേരുറപ്പിച്ച സൈറ്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഓൺലൈൻ വഴി ഇന്ത്യയിലേക്ക് ലഹരി വസ്തുക്കൾ അമിതമായി എത്തുന്നുവെന്ന റിപ്പോർട്ട് നേരത്തേ പുറത്ത് വന്നിരുന്നു. ഇങ്ങനെയെത്തുന്ന ലഹരിമരുന്നുകളാണോ സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് വില്പന നടത്തുന്നതെന്ന് പൊലീസിന് സംശയമുണ്ട്. വിദേശത്ത് നിന്നും കൊറിയർ വഴി ഗോവയിലെത്തുന്ന ലഹരിമരുന്നുകൾ അവിടെനിന്നും ഏജന്റുമാർ മുഖേന കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിക്കുകയാണെന്നാണ് രഹസ്യ റിപ്പോർട്ട്. റേവ് പാർട്ടികൾ ധാരാളമായി നടക്കുന്ന കൊച്ചിയാണ് കേരളത്തിലെ മയക്കുമരുന്നിന്റെ പ്രധാന കേന്ദ്രം. ഗോവയിൽ നിന്നുള്ള ദീർഘദൂര ബസുകൾ വഴിയാണ് ഇവ കേരളത്തിൽ എത്തിക്കുന്നത്. ആഡംബര വാഹനങ്ങൾ വഴി ചെന്നൈയിൽ എത്തിച്ച് തീവണ്ടിമാർഗവും ലഹരി മരുന്നുകൾ കൊച്ചിയിലെത്തിക്കുന്നുണ്ട്. ഹാഷിഷ്, എൽ.എസ്.ഡി., എം.ഡി.എം.എ, കൊക്കെയ്ൻ തുടങ്ങിയവയാണ് കടത്തുന്നത്. ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് ഓൺലൈൻ വഴി നടത്തുന്ന ഇടപാടുകളിൽ ഇടപാടുകാരെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അന്താരാഷ്ട്ര ലഹരി മാഫിയയുടെ വെബ്‌സൈറ്റുകളിലെ വിവരങ്ങൾ അറിയുന്നതും വെല്ലുവിളിയാണ്. സൈബർസെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. എൽ.എസ്.ഡി ഇടപാട് ആദ്യകാലങ്ങളിൽ കഞ്ചാവിനോട് കൂടുതൽ താത്പര്യം കാണിച്ചിരുന്നവർ ഇപ്പോൾ കൂടുതൽ ഉന്മാദത്തിനായി രാസലഹരിയിലേക്ക് ചേക്കേറുകയാണ്. എൽ.എസ്.ഡിയാണ് യുവാക്കൾക്കിടയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന രാസലഹരി. ഒരൊറ്റ ഉപയോഗത്തിൽ തന്നെ ഇരയെ അടിമയാക്കാൻ ശേഷിയുണ്ട് എൽ.എസ്.ഡിക്ക്. അമിത ഉപയോഗം കേന്ദ്ര നാഡീവ്യൂഹത്തെയും വൃക്കകളെയും സാരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം പിടിയിലായ എൻജിനീയറിംഗ് വിദ്യാർത്ഥിയുടെ പക്കൽ നിന്നും മൂന്ന് എൽ.എസ്.ഡിയാണ് പൊലീസ് കണ്ടെടുത്തത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇയാൾ ആർക്കെല്ലാമാണ് ഇടപാട് നടത്തിയിട്ടുള്ളത് എന്നെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ റിമാൻഡിലാണിയാൾ. അന്വേഷണം ആരംഭിച്ചു കേരളത്തിന് പുറത്ത് നിന്നാണ് സൈറ്റ് നിയന്ത്രിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായത്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കെ. ലാൽജി, അസി. പൊലീസ് കമ്മിഷണർ, കൊച്ചി സിറ്റി പൊലീസ്