പയ്യന്നൂർ: കോഴിക്കോട് പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരെ ജാമ്യമില്ലാ കേസെടുത്തത് അധികാര ദുർവിനിയോഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എം നേതാക്കൾക്കും വിഷാദരോഗം പിടിപ്പെട്ടിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. രഥയാത്ര പയ്യന്നൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പ്രയാണമാരംഭിക്കുന്നതിന് മുമ്പ് കേരളകൗമുദി ഫ്‌ളാഷിനോട് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള . തനിക്കെതിരെയുള്ള കേസിനെ ഭയപ്പെടുന്നില്ല. തന്നെ സമൂഹത്തിൽ അപമാനിക്കാനും, വില്ലനാക്കി ചിത്രീകരിക്കാനുമുള്ള സി.പി.എമ്മിന്റെയും കോൺഗ്രസ്സിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ കേസ്. ഈ കേസ് നിലനിൽക്കാൻ പോകുന്നതല്ല. ഇതിനെ രാഷ്ടീയമായി തന്നെ നേരിടുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.