ശബരിമല: ശബരിമലയുടെ ചരിത്രത്തിൽ എറ്റവും വലിയ സുരക്ഷയായിരുന്നു ചിത്തിര ആട്ടത്തിരുനാളിന് നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പൊലീസ് ഒരുക്കിയിരുന്നത്. പഴുതടച്ച സുരക്ഷ ഒരുക്കിയെന്ന് അവകാശപ്പെടുമ്പോഴും പ്രതിഷേധക്കാർ പതിനെട്ടാം പടിയിൽ കയറി ആചാരലംഘനം നടത്തിയ സാഹചര്യത്തിൽ മണ്ഡല - മകരവിളക്ക് കാലത്ത് യുവതീ പ്രവേശനത്തിന് സുരക്ഷ ഒരുക്കുക പൊലീസിന് ശ്രമകരമാകും.
തീർത്ഥാടനം തുടങ്ങാൻ ഒരാഴ്ച മാത്രം ശേഷിക്കെ വലിയ വെല്ലുവിളിയാണ് പൊലീസിന് മുന്നിലുള്ളത്. ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോൾ എല്ലാ പഴുതുകളും അടച്ചിട്ടും കണ്ണ് വെട്ടിച്ച് വനപാതകളിലൂടെ പ്രതിഷേധക്കാർ സന്നിധാനത്ത് എത്തിയത് പൊലീസിന് തടയാനായില്ല. നൂറുകണക്കിന് സംഘപരിവാർ പ്രവർത്തകർ തടിച്ചുകൂടിയതോടെ പതിനെട്ടാം പടിയിൽ നിന്ന് ഉൾപ്പെടെ പൊലീസ് പിൻവാങ്ങിയിരുന്നു.
കമാൻഡോ സംഘം, മെറ്റൽ ഡിറ്റക്ടർ, മൊബൈൽ ജാമർ ഉൾപ്പെടെ യുദ്ധസമാനമായ സാഹചര്യം ഒരുക്കിയെങ്കിലും ഇവയൊന്നും പ്രതിഷേധക്കാർക്ക് മുന്നിൽ വിലപ്പോയില്ല. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻതന്നെ ഉൾവലിഞ്ഞത് പൊലീസിന്റെ സുരക്ഷാ പാളിച്ചയാണെന്ന വിലയിരുത്തലുണ്ടായി. അതിനിടെ ചില ഉദ്യോഗസ്ഥർ അവധിക്ക് അപേക്ഷ സമർപ്പിച്ചതും പൊലീസിന് വെല്ലുവിളിയായി.
മണ്ഡല - മകരവിളക്ക് കാലത്ത് ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയിലേക്ക് ഒഴുകിയെത്തുക. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും അയ്യപ്പഭക്തർ എത്തുന്നതോടെ പൊലീസിന്റെ സുരക്ഷ എത്രത്തോളം വിലപ്പോകുമെന്ന് കണ്ടറിയണം. മലചവിട്ടാനെത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകുകയെന്നതും കടുത്ത വെല്ലുവിളിയാവും. തുലാമാസ പൂജയ്ക്ക് രണ്ട് യുവതികളെ സന്നിധാനത്തെ നടപ്പന്തൽ വരെ പൊലീസ് എത്തിച്ചിരുന്നു. കുട്ടികളെ മുൻനിറുത്തി പ്രതിഷേധം ശക്തമാക്കിയതോടെയാണ് ഇവരെ തിരിച്ചിറക്കിയത്. രണ്ട് യുവതികളെ കൊണ്ടുപോകുന്നതിന് മാത്രം ഇരുന്നൂറോളം സായുധ പൊലീസാണ് സംരക്ഷണ കവചം ഒരുക്കിയത്. ഇത്തരത്തിൽ മണ്ഡലകാലത്ത് സംരക്ഷണം നൽകുകയെന്നത് പ്രായോഗികമല്ല.
പ്രതിഷേധക്കാർ കൂടും
അന്യസംസ്ഥാന പൊലീസുകാരുടെ സേവനം ലഭ്യമാക്കിയാലും പ്രതിഷേധക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന് തന്നെയാണ് ഇന്റലിജൻസ് റിപ്പോർട്ട്. എന്നാൽ അന്യസംസ്ഥാന പൊലീസുകാരുടെ സേവനം മുൻ വർഷങ്ങളിലേതുപോലെ ലഭ്യമാകുന്ന കാര്യത്തിലും ആശങ്കയുണ്ട്. മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗത്തിൽ അവിടങ്ങളിൽ നിന്ന് ഒരു മന്ത്രി പോലും പങ്കെടുത്തിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ കേഡർമാരെ മണ്ഡല - മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തിക്കാൻ ആർ.എസ്.എസ് നീക്കം നടത്തുമെന്നും സൂചനയുണ്ട്.
ശബരിമല ക്ഷേത്രത്തിലേക്ക് നിരവധി വനപാതകളുണ്ട്. ഈ പാതകളിലൂടെയാണ് കഴിഞ്ഞ ദിവസം അഞ്ഞൂറിലധികം ആളുകൾ സന്നിധാനത്ത് എത്തിയത്. ഇത്തരം സാഹചര്യത്തിൽ പഴുത് അടച്ചുള്ള നിയന്ത്രണം സാദ്ധ്യമാകില്ലെന്നാണ് പൊലീസ് കണക്കുകൂട്ടൽ.