ഗോവ രാജ്യാന്തര ചലച്ചിത്രമേള(ഇഫി)യിലെ ഇത്തവണത്തെ ഫോക്കസ് ഇസ്രയേലി സിനിമയാണ്. ഇസ്രയേലി സിനിമകളുടെ രാജകുമാരൻ എന്ന വിശേഷണത്തിനർഹനായ ഡാൻ വോൾമാനാണ് മേളയിൽ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.മാത്രമല്ല ഇസ്രയേലി ഡെലിഗേഷനെ നയിക്കുന്നതും അദ്ദേഹം തന്നെ.
വോൾമാനെക്കുറിച്ച് ജോർജ് മാത്യു എഴുതുന്നു.
'ഗോവ രാജ്യാന്തര ചലച്ചിത്രമേള(ഇഫി)യിലെ ഇത്തവണത്തെ ഫോക്കസ് ഇസ്രയേലി സിനിമയാണ്. എനിക്കത് ആവേശമായി. എന്നും പുലർച്ചെ കുശലം പറയുന്നയാൾ ഡാൻ വോൾമാൻ എന്ന ചലച്ചിത്രകാരനാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. മാത്രമല്ല ഇസ്രയേലി ഡെലിഗേഷനെ നയിക്കുന്നതും അദ്ദേഹം തന്നെ.നേരുത്തെ വിളിച്ചപ്പോൾ ഈ വിവരം അറിഞ്ഞിരുന്നില്ല. അപ്പോൾ ഗോവയിൽ കാണാം അല്ലെയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം കൈമലർത്തുകയായിരുന്നു. വീണ്ടും രണ്ടാഴ്ചയ്ക്കുശേഷം തനിക്ക് മാസ്റ്റർ ക്ളാസ് നൽകാൻ ക്ഷണം വന്നിട്ടുണ്ട് എന്ന് സൂചിപ്പിച്ചു. പക്ഷേ അടുത്ത പടത്തിന്റെ തിരക്കഥയുടെ തിരക്കാണ്. പതിവുപോലെ കോ പ്രൊഡക്ഷനാണ്. ഇക്കുറി ഫ്രഞ്ച് ക്ഷണമാണ്. എന്നാൽ ഒരാഴ്ചകൂടി കഴിഞ്ഞപ്പോൾ രംഗം മാറി. ഇസ്രയേലി ഡെലിഗേഷൻ ഒരു ചെറിയടീമാണ്. ഏറ്റവും മുതിർന്ന ആൾ താനാണ്. അതിനാൽ ഡെലിഗേഷനെ നയിക്കണം. ഒപ്പം 21-24 ദിവസങ്ങളിലെ NFDC Film Bazaar ലെ ഇസ്രയേലി സ്റ്റാളിന്റെ ചുമതലയും വഹിക്കണം. ഇത് ഇസ്രയേൽ സർക്കാരിന്റെ ആവശ്യമാണ്. അത് നിരസിക്കുകവയ്യ.
അങ്ങനെ ഹോട്ടൽ മാരിയോനെറ്റിൽ കണ്ടുമുട്ടാൻ തീരുമാനിച്ചു. കഴിയുന്നത്ര ഡി.വി.ഡി കൈയിൽ കരുതാമെന്നുറപ്പ് തന്നു. എന്നാൽ ഇന്നലെ രാത്രി കഥയാകെ മാറി. ഇൗവർഷത്തെ Life Time Achievement അവാർഡ് ഡാനിനാണ്. ആ നിമിഷം ഞാൻ ഡാനിന് ടെകസ്‌റ്റ് ചെയ്തു. എന്താ ഇത് മറച്ചുവച്ചത്? ഡാൻ പതിവുപോലെ കൂൾ ആയിരുന്നു. അങ്ങനെയല്ല ജോർജ്, നാല് ദിവസംമുൻപ് ''സ്വീകരിക്കുമോ"" എന്ന് എന്നോട് എംബസി മുഖേന ചോദിച്ചു. സന്തോഷം എന്ന് ഞാൻ മറുപടിയും നൽകി. കൂടുതൽ ഒന്നും അറിയില്ല. ഇസ്രയേലി സിനിമയെന്നാൽ അമോസ് ഗിത്തായ് എന്ന സമവാക്യത്തിലാണ് ഏതാണ്ട് 2010 വരെ ലോക സിനിമ മേളകൾ കൈകാര്യം ചെയ്തിരുന്നത്. രണ്ടാമൻ എന്നൊരാളില്ല. അമോസ് IFFK യിൽ ൽ തന്നെ ഇതിനകം മൂന്ന് പ്രാവശ്യം എത്തിയിട്ടുണ്ട്.
IFFI 2006 ആണെന്ന് തോന്നുന്നു BEN's Biography എന്നൊരു ഇസ്രയേലി ചിത്രം കാണുന്നു. അക്ഷരാർത്ഥത്തിൽ ഞാൻ വീണു; അത്‌ഭുതപ്പെടുത്തുന്ന ഒരു സിനിമ. ചിത്രം ഏറെനാൾ എന്നോടൊപ്പം വസിച്ചു. അതിന്റെ സംവിധായകനെ കണ്ടെത്താൻ ശ്രമിച്ചു. അന്ന് TIFF (ചലച്ചിത്രയുടെ ഫെസ്റ്റിവൽ)ന്റെ പ്രതാപകാലം കഴിഞ്ഞിരുന്നില്ല. എംബസി മുഖേന ഞാൻ ഡാൻ വോൾമാനിൽ എത്തി. അന്ന് ഡി.വി.ഡി പ്രദർശിപ്പിച്ചു തുടങ്ങിയിട്ടില്ല. പ്രിന്റ് എംബസി മുഖേന ടെൽ അവീവിൽനിന്ന് വരണം. ഏതായാലും 2007 ൽ ടി.ഐ.എഫ്.എഫ് ബെൻസ് ബയോഗ്രഫി പ്രദർശിപ്പിച്ചു.
പിന്നീട് പെട്ടെന്ന് ചിലതൊക്കെ സംഭവിച്ചു. 2008 മാർച്ച് 8ന് ഞാൻ MAMI 2008 ലെ FIPRESCI ജൂറിയായി ബോംബെയിലെത്തി. ഇന്റർനാഷണൽ ജൂറി ചെയർമാൻ ഡാൻവോൾമാൻ, രണ്ട് അവാർഡുകളും 14 ഇന്ത്യൻ ചിത്രങ്ങളിൽനിന്നുംമാത്രമായിരുന്നു. ഏഴ് നാൾ ഞങ്ങൾ നെഹ്‌റു സെന്റർ ഓഡിറ്റോറിയത്തിലും ഐ.ടി.സി സെൻട്രൽ ഹോട്ടലിലുമായി ഒത്തുകൂടി. മാർച്ച് 13ന് വിധി നിർണയിച്ചു.
ഗോണുൽകോളിനും(ടർക്കി) ഞാനുമടങ്ങുന്ന FIPRESCI തിങ്ക്യയ (tingya-Marathi) എന്ന ചിത്രത്തിൽ FIPRESCI നിശ്ചയിച്ചു. ഇന്റർനാഷണൽ ജൂറി ഒരു കീറാമുട്ടിയിലായിരുന്നു. തിങ്ക്യയ, താരെസെമീൻ പർ എന്നീ രണ്ട് ചിത്രങ്ങളിൽ ജൂറി വിഭജിക്കപ്പെട്ടു. ഡാൻ എനിക്ക് ഫോൺ ചെയ്തു തീരുമാനം അന്വേഷിച്ചു. 'തിങ്ക്യയ" എന്ന് പറഞ്ഞപ്പോൾ `IF sometoo' എന്നായി ഡാൻ. അവിടെയും തിങ്ക്യയ്‌ക്ക് നറുക്കുവീണു. എനിക്ക് പെരുത്ത് സന്തോഷം! കാരണം രണ്ടാഴ്ചമുൻപാണ് തിങ്ക്യയ്‌ക്ക് അരവിന്ദൻ പുരസ്കാരം വിധിക്കപ്പെട്ടത്.
ബോംബെയിലെ ഒരാഴ്ചക്കാലത്താണ് ഡാനിന്റെ ചിത്രങ്ങളുടെ ഒരു retrospective ഞാൻ മുന്നോട്ടുവയ്ക്കുന്നത്. ഡാൻ വാക്കുതന്നു. ഡി.വി.ഡിയിൽ മതിയെന്നുമായി. പക്ഷേ ഞാൻ ദരിദ്രനാണ്. പോരെങ്കിൽ റിസെഷൻ (recession) കത്തിക്കയറുന്ന കാലം. എന്റെ വിഷമം ലജ്ജ കൂടാതെ ഞാൻ പറഞ്ഞു. 'ശരി നോക്കട്ടെ" ജോർജ് എംബസി മുഖേന ക്ഷണം അയയ്ക്കൂ. External Affair Ministry യിൽ എനിക്ക് ചിലതൊക്കെ തരപ്പെടുത്താനാവും. 2008 ആഗസ്റ്റിൽ ഡാൻ തിരുവനന്തപുരത്തെത്തി സ്വന്തം കാശിൽ അല്ലെങ്കിൽ ഇസ്രയേൽ സർക്കാർ ചെലവിൽ ഒൻപത് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഏഴ് നാൾ ഞങ്ങളോടൊപ്പം തങ്ങി. ഡാൻ സിനിമകൾ ഒറിജിനൽ ആയിരുന്നു. തനത് എന്ന് മൊഴിമാറ്റം! അദ്ദേഹം ഒന്നാന്തരം ക്രാഫ്ട്സ് മാനും ഒന്നാന്തരം തിരക്കഥാകൃത്തും പുത്തൻ ആശയങ്ങളുടെ കലവറയും ആണെന്ന് തിരുവനന്തപുരം ചലച്ചിത്രപ്രേമികൾ തിരിച്ചറിഞ്ഞു. പിന്നീട് ഇന്ത്യയിലെ പല മേളകളിലും ഡാൻ റെട്രോകൾ നടന്നു.
2011 ൽ ഞാൻ ആദ്യത്തെ ബാംഗ്ളൂർ BIFES- 2011 ന്റെ മുഖ്യസംഘാടകരിൽ ഒരാളായിരുന്നു. ഡാൻ ജൂറീചെയർമാനായി എത്തി. ഒരു റെട്രോയും നടന്നു. 2012 ൽ രണ്ടാം ദില്ലി അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഞങ്ങൾ ക്ഷണിക്കുകയായിരുന്നു. പിന്നെ ഗോവയിൽ. ആ സൗഹൃദം തുടർന്ന് കൊണ്ടേയിരിക്കുന്നു. എന്നും രാവിലെ ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങുന്ന കുശലങ്ങളിലൂടെ നിത്യേന!
IFFന്റെ 1999 എഡിഷനിൽ എല്ലാവരാലും മറക്കപ്പെട്ട ഏഷ്യയിലെ ജീവിച്ചിരിക്കുന്ന വന്ധ്യവയോധികനായിരുന്ന ശ്രീലങ്കൻ സംവിധായകൻ ഡോ. ലെസ്റ്റർ പെരീസ് ജെയ്സിന്റെ റെട്രോസ്‌പെക്ടീവ് നടത്തിയിരുന്നു. എട്ടുനാളുകൾ അദ്ദേഹവും പത്‌നിയും ചലച്ചിത്രകാരിയുമായ സുമിത്ര പെരീസും തിരുവനന്തപുരത്ത് എത്തിയിരുന്നു. രണ്ട് മാസങ്ങൾക്കുശേഷം നവംബറിൽ ഡൽഹിയിലെ ഫെസ്റ്റിവൽ ഡയറക്ടറേറ്റിൽ നിന്നും അന്വേഷണം എത്തി. രണ്ടുമാസങ്ങൾക്കുശേഷം 2009 ജനുവരി 10ന് ഡോക്ടർ ലെസ്റ്റർ ഐ.എഫ്.എഫ്.ഐ യുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (LTA Award) സ്വീകരിച്ചു. ദാ, ഇപ്പോൾ TIFF ൽആദ്യമായ ഒരു റെട്രോവിന് ക്ഷണിച്ച ഡാൻ വോൾമാനിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിക്കുന്നു. സന്തോഷകരമായി എന്റെ നിയോഗം പൂർത്തിയായത് പോലെ'.