തിരുവനന്തപുംര: വർഗീയ ധ്രുവീകരണത്തിന്റെ പേരിൽ കെ.എം ഷാജി എം.എൽ.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്ത്. എം.വി നികേഷ് കുമാർ നേടിയ ഈ വിധി സ്വന്തം പാർട്ടിക്കാർക്ക് വലിയ സന്തോഷമൊന്നും നൽകുന്നണ്ടാവില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. പുറമേ വലിയ മതേതരനിലപാടുകൾ ഉയർത്തിപ്പിടിക്കുന്നവർ പോലും പച്ചയായ വർഗീയത ഉയർത്തിയാണ് തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത്. മഞ്ചേശ്വരത്ത് ഇതേ ലീഗിനെയാണ് സി.പി.എം പിന്തുണക്കുന്നതെന്നുള്ളത് കാണാതിരുന്നുകൂടായെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്രിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പുറമേക്ക് വലിയ മതേതരനിലപാടുകൾ ഉയർത്തിപ്പിടിക്കുന്നവർ പോലും പച്ചയായ വർഗ്ഗീയത ഉയർത്തിയാണ് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത്. മഞ്ചേശ്വരത്ത് ഇതേ ലീഗിനെയാണ് സി. പി. എം പിന്തുണക്കുന്നതെന്നുള്ളതും കാണാതിരുന്നുകൂടാ. അവിടെ ഒരു സമുദായാംഗങ്ങൾ മാത്രമുള്ള ബൂത്തുകളിലാണ് വ്യാപകമായ കള്ളവോട്ടുകൾ നടന്നത്. അവിടെ സമൻസ് കൊടുക്കാൻ ചെന്നപ്പോൾ ഇടതു പൊലീസുകാർ ലീഗിനെയാണ് സഹായിച്ചത്. പഞ്ചായത്ത് ഓഫീസുകളിൽ മരണസർട്ടിഫിക്കറ്റിന്റെ ഫയലുകൾ തന്നെ സി. പി. എം ഉദ്യോഗസ്ഥൻമാർ നശിപ്പിച്ചുകളഞ്ഞു. എൻ. ജി. ഒ യൂനിയൻ നേതാക്കളായ റട്ടേണിംഗ് ഓഫീസുകാർ മുഴുവനും കള്ളവോട്ടിന് ലീഗുകാരെ സഹായിച്ചു. സി. പി. എം കാരായ ബി. എൽ. ഓ മാരാണ് നാട്ടിലില്ലാത്തവരുടെ സ്ളിപ്പുകൾ ലീഗ് ഓഫീസിൽ കൊടുത്തത്. എന്തിനധികം പറയുന്നു പുത്തിഗെ പഞ്ചായത്തിലെ സി. പി. എം. കാരൊന്നടങ്കം വോട്ട് ലീഗിന് മറിക്കുകയും ചെയ്തു. ഇപ്പോൾ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നതും ലീഗ് സി. പി. എം ഐക്യമുന്നണിയാണ്. അതുകൊണ്ട് എം. വി നകേഷ് കുമാർ നേടിയ ഈ വിധി സ്വന്തം പാർട്ടിക്കാർക്ക് വലിയ സന്തോഷമൊന്നും നൽകുന്നുണ്ടാവില്ല.