വിതുര:കല്ലാർ നദിയിൽ മുങ്ങിമരണങ്ങൾ പതിവാകുന്നു. ഇക്കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയായ യുവാവ് കുളിക്കുന്നതിനിടയിൽ കയത്തിലകപ്പെട്ട് മരിച്ചതാണ് ഒടുവിലത്തേത്. ഇൗ വർഷം നടക്കുന്ന മൂന്നാമത്തെ മുങ്ങിമരണമാണ് ഇത്. കഴിഞ്ഞ വർഷം രണ്ടു വിദ്യാർത്ഥികളുടേതടക്കം ആറ് ജീവനുകളാണ് കല്ലാറിൽ പൊലിഞ്ഞത്. എന്നാൽ, നാളിതുവരെ ആയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ സുരക്ഷാനടപടികളും എടുത്തിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. 25വർഷം മരണം 100 കടന്നു ഓരോവർഷവും കല്ലാറിൽ പൊലിയുന്ന ജീവനുകളുടെ കണക്കെടുത്താൽ, ഞെട്ടും. 25 വർഷത്തിനിടെ 100ലധികം പേരാണ് ഇവിടെ മരണപ്പെട്ടിട്ടുള്ളത്. ഇതിൽ തൊണ്ണൂറു ശതമാനവും യുവാക്കളാണ്. പൊൻമുടി സന്ദർശിക്കാനെത്തുന്ന യുവാക്കളിൽ ഭൂരിഭാഗം പേരും കല്ലാറിലിറങ്ങി മുങ്ങികുളിച്ച ശേഷമാണ് മടങ്ങുന്നത്. ഇതിൽ പലർക്കും ഇവിടെ ഒളിച്ചിരിക്കുന്ന അപകടത്തിന്റെ വ്യാപ്തി അറിയില്ലെന്നതാണ് വാസ്തവം. കുളിക്കുന്നതിനിടയിൽ മുങ്ങി താഴ്ന്ന നിരവധി പേരെ കല്ലാർനിവാസികൾ രക്ഷപെടുത്തിയിട്ടുമുണ്ട്. 25 വർഷം മുമ്പ് തിരുവനന്തപുരം ദന്തൽ കോളജിൽ നിന്നും എത്തിയ എട്ട് മെഡിക്കൽ വിദ്യാർത്ഥികൾ കല്ലാറിൽ മുങ്ങി മരിച്ചിരുന്നു. ഇതാണ് നദിയിൽ നടന്ന ഏറ്റവും വലിയ ദുരന്തം. പിന്നീടിങ്ങോട്ട് മരണം തുടർക്കഥയായി മാറുകയായിരുന്നു. മണൽകയങ്ങൾ നിറയുന്നു കല്ലാർ നദിയിൽ ഹൈക്കോടതി മണലൂറ്റ് നിരോധിച്ചിട്ട് പത്ത് വർഷം കഴിഞ്ഞു. വിലക്ക് ലംഘിച്ച് രാപകൽഭേദമന്യേ മണലൂറ്റി കടത്തുന്നതായാണ് നാട്ടുകാരുടെ പരാതി. അനിയന്ത്രിതമായ മണലൂറ്റ് നിമിത്തം നദിയിൽ നിറയെ മണൽകുഴികൾ നിറഞ്ഞുകിടക്കുകയാണ്. പൊലീസ് ഒൗട്ട്പോസ്റ്റ് ഒലിച്ചുപോയി കല്ലാറിൽ പത്ത് വർഷം മുൻപ് പൊലീസ് സംഘടിപ്പിച്ച പൊതുജനസമ്പർക്കപരിപാടിയിൽ കല്ലാർ കേന്ദ്രമാക്കി പൊലീസ് ഒൗട്ട് പോസ്റ്റ് സ്ഥാപിക്കുമെന്ന് റൂറൽ എസ്.പി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ വർഷം പത്ത് കഴിഞ്ഞിട്ടും വാഗ്ദാനം കടലാസിലുറങ്ങുകയാണ്. സമരം നടത്തും കല്ലാർ നദിയിൽ വർദ്ധിച്ചുവരുന്ന അപകടമരണങ്ങൾക്ക് തടയിടണമെന്ന് കല്ലാർ എക്സ് സർവീസ് മെൻസ് റസിഡഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.