flight

കോട്ടയം: ഡൽഹിയിൽ നിന്ന് കുടുംബാംഗങ്ങളോടൊപ്പം തായ്ലൻഡിലേക്കുള്ള യാത്രയ്ക്കിടെ വീട്ടമ്മ മരിച്ചു.ഏഴാച്ചേരി ഡോ. കെ.എസ്. സെബാസ്റ്റ്യൻ കണ്ടത്തിലിന്റെ ഭാര്യ നീനാ സെബാസ്റ്റ്യൻ (48) ആണ് ബാങ്കോക്കിൽ മരിച്ചത്. ഡൽഹിയിൽ സ്ഥിരതാമസക്കാരായിരുന്നു സെബാസ്റ്റ്യനും കുടുംബവും.

തായ്ലൻഡിലുള്ള കുടുംബ സുഹൃത്തിനെ കാണാൻ കുടുംബസമേതം പുറപ്പെട്ട നീനയ്ക്കു യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബാങ്കോക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് നെടുമ്പാശേരിയിലും തുടർന്ന് ഏഴാച്ചേരിയിലും എത്തിക്കും.

ഡോ. കെ.എസ് സെബാസ്റ്റ്യൻ കണ്ടത്തിൽ ഡൽഹി കേന്ദ്രമായുള്ള ഇന്റർ നാഷണൽ ജസ്റ്റിസ് മിഷൻ ഡയറക്ടറാണ്. ചങ്ങനാശേരി എസ്.ബി കോളജ് റിട്ട. പ്രൊഫ. ജോയി ജോസഫ് കാട്ടാമ്പള്ളിയുടെയും റിട്ട. ഹെഡ്മിസ്ട്രസ് റോസമ്മയുടെയും മകളാണ് നീന. മക്കൾ: ദേവ്, ജോ, കുര്യൻ. മൃതദേഹം നാളെ 11ന് ഏഴാച്ചേരിയിലുള്ള ഭർതൃ സഹോദരൻ അഡ്വ. ജോസഫ് സെബാസ്റ്റ്യന്റെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം അന്ത്യാളം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.