-kunchacko-boban

മലയാളത്തിന്റെ സ്വന്തം 'ചോക്ലേറ്റ് ഹീറോ' ചാക്കോച്ചൻ സിനിമയിൽ മാത്രമല്ല ജീവിതത്തിലും കൂളാണ്. യുവാക്കളുടെ മാത്രമല്ല കുടുംബ പ്രേക്ഷകരുടെയും ഇഷ്ടതാരമാണ് അദ്ദേഹം. മസിലുപിടുത്തമില്ലാതെ ലൊക്കേഷനിലും ചിരിച്ചുകളിച്ച് നടക്കാറാണ് പുള്ളിക്കാരന്റെ പതിവ്. അതിനുദാഹരണമാണ് തട്ടിൻപുറത്ത് അച്യുതൻ ലൊക്കേഷനിൽ നടന്ന രസകരമായ ഈ വീഡിയോ.തുടർച്ചയായ നാല് ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വിശ്രമിക്കുന്ന പ്രൊഡക്ഷൻ പയ്യനെ ഉണർത്താൻ ശ്രമിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. ഒരു കുളത്തിനരികിൽ കിടന്നുറങ്ങുന്ന പയ്യനെ കുളത്തിൽ കല്ലെടുത്തെറിഞ്ഞ് ഞെട്ടിക്കാൻ നോക്കിയതാണ് കക്ഷി. ഒരു രക്ഷയുമില്ലാത്ത ഉറക്കം!! പണി പാളിയതോടെ ചാക്കോച്ചൻ തന്നെ തോറ്റ് പിൻവാങ്ങി.


ഫോട്ടോഗ്രാഫ‍ർ മഹാദേവൻ തമ്പിയാണ് വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ലാൽ ജോസ് ആണ് തട്ടിൻപുറത്ത് അച്യുതൻ സംവിധാനം ചെയ്യുന്നത്. നെടുമുടി വേണു,​​കലാഭവൻ ഷാജോൺ,​കൊച്ചുപ്രേമൻ,​ വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സംവിധായകൻ ബാബു നാരായണന്റെ മകൾ ശ്രവണയാണ് ചിത്രത്തിൽ നായിക. ഷെബിൻ ബക്ക‍ർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം എൽ.ജെ ഫിലിംസ് പ്രദർശനത്തിനെത്തിക്കും.