1994 ൽ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ രണ്ടു വ്യക്തികളാണ് സുസ്മിത സെന്നും ഐശ്വര്യ റായിയും. ഇരുവരും ഇന്നും പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ്. അഭിഷേക് ബച്ചനെ വിവാഹം കഴിച്ച് മകൾ ആരാധ്യയുമൊത്ത് കഴിയുമ്പോഴും ഐശ്വര്യ ബോളിവുഡിലെ തിരക്കുള്ള നായികമാരിൽ ഒരാളാണ്. സിനിമയിൽ അത്ര സജീവമല്ലാത്ത സുസ്മിത രണ്ട് പെൺകുട്ടികളെ ദത്തെടുത്ത് അവർക്കൊപ്പം കഴിയുന്നു. ഇതിനിടെ താരം വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഫാഷൻ മോഡലായ റോഹ്മാൻ ഷാലാണ് സുസ്മിതയുടെ കഴുത്തിൽ മിന്നുചാർത്തുകയെന്നാണ് അറിയുന്നത്. മക്കളായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം സുസ്മിതയുടെ ദീപാവലി ആഘോഷങ്ങളിൽ ഇക്കുറി റോഹ്മാൻ ഷാലുമുണ്ടായിരുന്നു. നാലുപേരും ഒന്നിച്ചുള്ള ക്യൂട്ട് ചിത്രങ്ങൾ സുസ്മിത തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
42കാരിയായ സുസ്മിതയും 27കാരനായ റോഹ്മാനും പ്രണയത്തിലാണെന്ന വാർത്ത വന്നിട്ട് നാളേറെയായി. ഇക്കാര്യം താരം ഇതുവരെ തുറന്നു സമ്മതിച്ചിരുന്നില്ല. എന്നാൽ, ദീപാവലി ചിത്രങ്ങൾ ഈ വാർത്തകൾ ശരിവയ്ക്കും വിധമുള്ളതായിരുന്നു. ഒരു ഫാഷൻ ഷോയിൽ വച്ചാണ് ഇവർ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. എന്നാൽ സൗഹൃദം വളരെ പെട്ടന്ന് പ്രണയമായി മാറി . അധികം വൈകാതെ സുസ്മിത വിവാഹം സംബന്ധിച്ച വിവരവും ഔദ്യോഗികമായി അറിയിക്കുമെന്നാണ് ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ നൽകുന്ന സൂചന.