haridas

ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിലെ സൗമ്യമുഖവും സഹായ ഹസ്തവുമായ ടി.ഹരിദാസ് 46 വർഷത്തെ നീണ്ട സേവനത്തിനു ശേഷം വിട പറയുകയാണ്. ഔപചാരികമായ വിടപറയിലിനേക്കാളും അത്യാവശ്യമായ കാര്യങ്ങൾ സമയത്തു ചെയ്തു കിട്ടാൻ ഉള്ള അത്താണിയായിരുന്നു ഹരിദാസ്.

ഒരനുഭവം ഇങ്ങനെ ...അച്ഛന്റെ ആദ്യ ചരമ വാർഷികത്തിന് നാട്ടിൽ പോകാൻ നോക്കുമ്പോഴായിരുന്നു മകന്റെ ഇന്ത്യൻ പാസ്‌പോർട്ട് കാലാവധി ഒരു വർഷം മുൻപ് തീർന്നു എന്ന് റിപ്പബ്ലിക് ഓഫ് അയർലന്റിലെ എന്റെ സുഹൃത്ത് മനസ്സിലാക്കുന്നത്.

ബ്രിട്ടനു പുറത്തുള്ള ഒരു രാജ്യമായത് കൊണ്ട് അവിടെയാണ് ആദ്യം അപേക്ഷിക്കേണ്ടത്. പക്ഷേ അന്തിമമായി പാസ്‌പോർട്ട് നൽകേണ്ടത് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ്. മുറപോലെ കാര്യങ്ങൾ നടന്നു വരുമ്പോൾ നാട്ടിലേക്കുള്ള സുഹൃത്തിന്റെ യാത്ര മുടങ്ങും. ഏതായാലും സുഹൃത്ത് പറഞ്ഞതനുസരിച്ച് ഹരിദാസിനെ വിളിക്കുകയും അദ്ദേഹം പറഞ്ഞതനുസരിച്ച് രണ്ടു ദിവസത്തിനകം പാസ്‌പോർട്ട് ഇഷ്യു ചെയ്യുകയും, സുഹൃത്ത് ഫ്‌ളൈറ്റിൽ വന്നു പാസ്‌പോർട്ട് വാങ്ങി മടങ്ങുകയും ചെയ്തു.

മറ്റൊരനുഭവം ഇങ്ങനെ: ദിവസങ്ങൾക്ക് മുൻപ് നടന്നതാണ്. ബ്രിട്ടീഷ് പാസ്‌പോർട്ട് ഉള്ളവർക്ക് നാട്ടിൽ സ്വതന്ത്രമായി പോകാനും മറ്റുമുള്ള ഓവർസീസ് സിറ്റിസൺ ഒഫ് ഇന്ത്യ (OCI)യുടെ അപേക്ഷയിലായിരുന്നു. വളരെ മുൻപേ കൊടുത്ത അപേക്ഷ അവിടെ തടഞ്ഞു കിടക്കയായിരുന്നു. ഇപ്പോൾ ഇത് കൈകാര്യം ചെയ്യുന്ന സ്വകാര്യ കമ്പനി പറഞ്ഞതും പുതിയ സർട്ടിഫിക്കറ്റുകൾ വേണം എന്നായിരുന്നു. ഹരിദാസിനോട് ഇക്കാര്യം പറയുകയും എല്ലാം ശരി ആയിരിക്കയാണ് വന്നു കളക്റ്റ് ചെയ്‌തോളൂ എന്ന് അറിയിച്ചത് വെറും രണ്ടു മണിക്കൂറുകൾക്കു ശേഷം.

ഇത് പോലെ എത്ര എത്ര സഹായങ്ങൾ നേരിട്ടും അല്ലാതെയും പലർക്കും വേണ്ടി ചെയ്തു , അതൊരു സേവനം തന്നെയായിരുന്നു അദ്ദേഹത്തിന്.

മറ്റു് വഴികളിലൂടെ നോക്കി പരാജയപ്പെട്ട, നിയമാനുസൃതം കിട്ടേണ്ട ഏതു സംഗതി ആയാലും ഒരു ഫോൺ കാളിലൂടെ പരിഹരിക്കാനാകും. ഹരിദാസിനെ വിളിക്കുക മാത്രം മതി. തനിക്ക് യാതൊരു പ്രതിഫലമോ മറ്റു് ആനൂകൂല്യങ്ങളോ പ്രതീക്ഷിക്കാതെ പരിപൂർണ്ണ സേവനം അതായിരുന്നു വർഷങ്ങളായി ഹരിദാസ് മലയാളികൾക്ക് വേണ്ടി ചെയ്തത്. ലണ്ടനിൽ കുറേ റെസ്റ്റോറന്റുകൾ ഉള്ള ഹരിദാസ് ഈ സഹായമൊക്കെ നിസ്വാർത്ഥമായി തന്നെ ചെയ്യുകയായിരുന്നു. ആ സഹായമാണിവിടെ നഷ്ടപ്പെടുന്നത്.

18 ഹൈക്കമ്മീഷനർമാരുടെയും 14 ടെപ്യൂട്ടി ഹൈക്കമ്മീഷനർമാരുടെയും കീഴിൽ പ്രവർത്തിച്ച ഹരിദാസ് കേരള ടൂറിസം ഇവിടെ പ്രൊമോട്ട് ചെയ്യാൻ ഏറെ പ്രവർത്തിച്ച വ്യക്തി കൂടിയാണ്. ഇന്ത്യൻ ഹൈക്കമ്മീഷൻ മുഖാന്തിരവും തന്റെ റെസ്റ്റോറന്റുകളിലൂടെയും അത് പ്രോത‌്സാഹിപ്പിച്ചു. പാർലമെന്റ്ര് മന്ദിരത്തിൽ മുറിയെടുത്തു മൂന്ന് പ്രാദേശിക MPമാരെ ഉൾപ്പെടുത്തി കേരള ടൂറിസം പ്രൊമോഷൻ പരിപാടികൾ നടത്തി. ലണ്ടനിലെ പ്രസിദ്ധമായ ലോഡ് മേയെസ് ഷോവിൽ കേരളത്തിന്റെ ഫ്‌ളോട്ട് അവതരിപ്പിച്ചു ശ്രദ്ധ നേടി. ലണ്ടനിലെ ദീപാവലി ഫെസ്റ്റിവലിൽ കഥകളിയും ഭരതനാട്യവും അവതരിപ്പിച്ചു ടൂറിസത്തെ സഹായിച്ചു.

തൃശ്ശൂർ സ്വദേശി ആയ ഹരിദാസ് ഇപ്പോൾ ഇന്ത്യൻ ഹൈക്കംമീഷനിലെ സീനിയർ അടിമിനിസ്ട്രേട്ടീവ് ഓഫീസർ എന്ന പദവിയിൽ നിന്ന് വിരമിക്കുന്നുവെങ്കിലും തന്റെ സേവനം തുടരും എന്ന് പറയുന്നു. ഇപ്പോൾ ലോക കേരള സഭയിലെ സ്ടാന്ടിംഗ് കമ്മിറ്റി മെമ്പർ എന്ന നിലയിലും തന്റെ സേവനങ്ങൾ തുടരുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു.