kt-jaleel-

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ജലീലിനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്നും നിയമനം നടത്തിയതിൽ തെറ്റ് പറ്റിയിട്ടില്ലെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. വിവാദം ഉന്നയിക്കുന്നവർ കോടതിയിൽ പോകട്ടെയെന്നുമാണ് പാർട്ടി സ്വീകരിച്ച നിലപാട്.

അതേസമയം, തൃശൂർ കിലയിലും മന്ത്രി കെ.ടി. ജലീൽ അനധികൃതനിയമനം നടത്തിയെന്ന് ആരോപിച്ച് അനിൽ അക്കര എം.എൽ.എ രംഗത്തെത്തി. എസ്.ഡി.പി.ഐക്കാരനെയാണ് ജലീൽ വഴിവിട്ട് നിയമിച്ചതെന്നാണ് അനിൽ അക്കര ആരോപിക്കുന്നത്.

ഇതിനിടെ ബന്ധു നിയമനത്തിൽ അഴിമതി ഇല്ലെന്ന് ആവർത്തിച്ച് ജലീൽ വീണ്ടും രംഗത്തെത്തി. അദീബിന്റെ നിയമനത്തിൽ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ചട്ടങ്ങൾ മാറ്റിയത് കൂടുതൽ ആളുകൾ അപേക്ഷിക്കാൻ വേണ്ടിയാണെന്നും നിയമപ്രകാരം യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.