demonitisation

തിരുവനന്തപുരം : നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിലും മലപ്പുറത്ത് ജില്ലയിൽ നിന്നും 85 ലക്ഷത്തിന്റെ നിരോധിത കറൻസികളുമായി നാലംഗ സംഘം അറസ്റ്റിലായിരുന്നു . രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചിട്ട് രണ്ട് വർഷം പൂർത്തിയാകുമ്പോഴും പൊലീസ് ഇപ്പോഴും കെട്ടുകണക്കിന് നിരോധിത കറൻസികളാണ് പിടികൂടുന്നത്. കുഴൽപ്പണക്കാർക്കും,കള്ളനോട്ട് കടത്ത് സംഘങ്ങൾക്കായും വലവിരിച്ച് വാഹന പരിശോധന നടത്തുമ്പോഴാണ് പലപ്പോഴും ഈ സംഘങ്ങൾ വലയിലാവുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബറിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് 500,1000 രൂപയുടെ നോട്ടുകൾ നിരോധിച്ചപ്പോൾ അത് കള്ളപ്പണം ഒളിപ്പിച്ച് വച്ചവരെ വേട്ടയാടുന്നതിന് വേണ്ടിയുള്ള സുപ്രധാന ചുവട് വയ്പാകും എന്നാണ് കരുതിയത്. എന്നാൽ റിസർവ് ബാങ്ക് കണക്ക് പ്രകാരം രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും തിരികെയെത്തി എന്നതായിരുന്നു. പക്ഷേ വർഷം രണ്ട് കഴിഞ്ഞിട്ടും കോടികളുടെ മൂല്യമുണ്ടായിരുന്ന നിരോധിത നോട്ടുകൾ ഇപ്പോഴും രാജ്യത്ത് പല ഭാഗത്ത് നിന്നും പിടികൂടുമ്പോൾ ഉയർന്ന് വരുന്ന ചോദ്യം ഇതാണ്, മൂല്യമില്ലാത്ത ഈ നോട്ടുകൾ ഇപ്പോഴും കൈയ്യിൽ വച്ചിരിക്കുന്നത് , അത് കള്ളക്കടത്തിനായി ഉപയോഗിക്കുന്നത് എന്തിനാണ് ?

demonitisation

സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ പ്രകാരം വൻ മാഫിയയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ നിരോധിത നോട്ടുകൾ ചില വിദേശ രാജ്യങ്ങളിലെത്തിച്ചാൽ ഇനിയും മാറാനാവും എന്ന ധാരണയിലാണ് ഇവർ ഈ നോട്ടുകൾ ശേഖരിക്കുന്നത്. ഒരു കോടി രൂപയുടെ നിരോധിത കറൻസിക്ക് 20 ലക്ഷം വരെ വില നൽകിയാണ് ഹവാലസംഘങ്ങൾ ശേഖരിക്കുന്നത്. കള്ളപ്പണമായി ഈ നോട്ടുകൾ സൂക്ഷിച്ചിരുന്നവർ കിട്ടുന്നത് ആശ്വാസം എന്ന രീതിയിൽ ഇവർക്ക് നോട്ടുകൾ കൈമാറും. ഇന്ത്യയുടെ അയൽക്കാരായ രാജ്യങ്ങളുടെ പക്കൽ കോടിക്കണക്കിന് രൂപയുടെ
ഇന്ത്യൻ കറൻസികളുണ്ട്. വിദേശ നാണ്യനിക്ഷേപമായി സൂക്ഷിച്ചതും ഇക്കൂട്ടത്തിൽ പെടും. എന്നാൽ ഇതിന്റെ കൃത്യത ഉറപ്പ് വരുത്തിമാത്രമേ ഈ നിരോധിത കറൻസി സ്വീകരിച്ച് മാറ്റി നൽകാൻ ഇന്ത്യ തയ്യാറാവുകയുള്ളു. നേപ്പാൾ, ഭൂട്ടാൻ,
ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഇത്തരത്തിൽ നിരോധിത നോട്ടുകൾ മാറാതെയുള്ളതായാണ് വിവരം. നമ്മുടെ നാട്ടിൽ നിന്നും ശേഖരിക്കുന്ന നിരോധിത നോട്ടുകൾ ഇത്തരത്തിൽ വിദേശത്തേയ്ക്ക് കടത്തി അവിടത്തെ സംവിധാനങ്ങൾ വഴി മാറ്റി നൽകാനാവുന്ന തരത്തിൽ പ്രബലരായ മാഫിയകളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.