കൊല്ലം ജില്ലയിലെ മയ്യനാട് സഹപ്രവർത്തക കൊണ്ട് വന്ന കൊഞ്ച് ബിരിയാണി കഴിച്ച് അദ്ധ്യാപിക ചികിത്സയിലിരിക്കെ മരിച്ച സംഭവം ഞെട്ടലോടെയാണ് നമ്മൾ വായിച്ചത്. കഴിക്കുന്ന ഭക്ഷണത്തിലൂടെയുണ്ടാവുന്ന അലർജിയെ ഇനിയെങ്കിലും നമ്മൾ നിസാരമായി കാണരുത്. 90 ശതമാനം അലർജിയും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ വരുന്നതാണ്. ആദ്യം ഓരോരുത്തർക്കും അലർജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ ഏതെന്ന് തിരിച്ചറിയണം. മുട്ട, പാൽ, ഗോതമ്ബ്, നിലക്കടല, കൊഞ്ച് പോലുള്ള ചിലതരം മത്സ്യങ്ങൾ, കക്കയിറച്ചി, തുടങ്ങിയവയാണ് പ്രധാനമായും അലർജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ.
ഭക്ഷ്യഅലർജിയാണെങ്കിൽ കഴിച്ച് രണ്ട് മിനിറ്റ് മുതൽ ഒന്നോ, രണ്ടോ മണിക്കൂർ വരെയുള്ള സമയത്തിനകം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ചിലരിൽ ശരീരമാസകലം ചൊറിച്ചിൽ, നീറ്റൽ തുടങ്ങി പല തരത്തിലുള്ള ലക്ഷണങ്ങൾ കാണാം. ഇത് വലിയ പ്രശ്നങ്ങളില്ലാത്ത ലക്ഷണങ്ങളാണ്. എന്നാൽ ഗുരുതരമായ ലക്ഷണങ്ങളുമുണ്ട്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുക, ഹൃദയമിടിപ്പ് കൂടുക, തുടർച്ചയായി ചുമയ്ക്കുക തുടങ്ങിയവ അപകടകരമായ ലക്ഷണങ്ങളാണ്. തൊണ്ടയ്ക്കുള്ളിലെ വീക്കം, തലകറക്കം, ബോധക്ഷയം എന്നിവയും കുറെക്കൂടി ഗുരുതരമായ ലക്ഷണങ്ങളാണ്. അലർജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ തിരിച്ചറിഞ്ഞ് അവയുടെ ഉപയോഗം തീർത്തും ഒഴിവാക്കണം. മാത്രമല്ല ഗുരുതരമായ ലക്ഷണങ്ങളാണ് അനുഭവപ്പെടുന്നതെങ്കിൽ ഡോക്ടറെ കാണുകയും വേണം.
അലർജിയുള്ളവർ ചെയ്യേണ്ടത്
പ്രായഭേദമെന്യേ പലരെയും ബുദ്ധിമുട്ടിക്കുന്ന അസുഖമാണ് അലർജി. ചൊറിച്ചിൽ, തുമ്മൽ, ശരീരമാസകലം ചുവന്നുതടിക്കൽ, നീറ്റൽ തുടങ്ങിയവയൊക്കെയാണ് അലർജിയുടെ ലക്ഷണങ്ങൾ. അലർജിക്ക് കാരണമാവുന്നത് എന്തുതരം വസ്തുവാണെന്ന് തിരിച്ചറിയാൻ ശ്രമിക്കാതെ, ചികിത്സിക്കാതിരുന്നാൽ അലർജി ശല്യം കാലങ്ങളോളം അനുഭവിക്കേണ്ടി വരും. ഭക്ഷണത്തിലൂടെയും, ശ്വാസത്തിലൂടെയും, ത്വക്കിലൂടെയുമാണ് പ്രധാനമായും അലർജി ശല്യമുണ്ടാകുന്നത്.
ഏത് വസ്തുവാണ് അല്ലെങ്കിൽ ഭക്ഷണപദാർത്ഥമാണ് അലർജിക്ക് കാരണമാകുന്നതെന്ന് തിരിച്ചറിഞ്ഞ് അതിൽ നിന്നും അകലം പാലിക്കുകയാണ് ആദ്യം വേണ്ടത്. വിരുദ്ധാഹാരം, പകലുറക്കം ഒഴിവാക്കുക, പൊടിയുള്ള അന്തരീക്ഷത്തിൽ അധിക സമയം ചെലവഴിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകളും സ്വീകരിക്കണം. മാത്രമല്ല അലർജിക്കുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.