ian-david-long

കാലിഫോർണിയ : കാലിഫോർണിയ തൗസൻഡ് ഓക്‌സിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ നിശാപാർട്ടി നടക്കുന്ന ബോർഡർലൈൻ ബാർ ആൻഡ്ഗ്രില്ലിൽ, ആട്ടോമാറ്റിക് ഹാൻഡ് ഗൺ ഉപയോഗിച്ച് വെടിവച്ചത് മുൻ അമേരിക്കൻ നാവികോദ്യോഗസ്ഥനായ ഇയാൻ ഡേവിഡ് ലോംഗ് (28) ആണെന്ന് കണ്ടെത്തി. വെടിയേറ്റ നിലയിൽ ഇയാളുടെ മൃതദേഹം ക്ളബിനുള്ളിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇയാൾ സ്വയം വെടിവച്ചതാണെന്നാണ് പൊലീസ് നിഗമനം. വെടിവയ്പിൽ പൊലീസ് സാർജന്റ് ഉൾപ്പെടെ 12 പേർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവയ്പിന് പിന്നിലെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ഇയാൻ മനോരോഗിയാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഇയാന് കടുത്ത മനോരോഗമില്ലെന്നാണ് പരിശോധിച്ച ഡോക്ടർമാരുടെ അഭിപ്രായം. അഞ്ച് വർഷത്തിലധികം യു.എസ് മറൈനിൽ ഉദ്യോഗസ്ഥനായിരുന്ന ഇയാൻ, അഫ്ഗാനിസ്ഥാനിൽ മെഷീൻ ഗണ്ണറായി ജോലി ചെയ്തിട്ടുണ്ട്. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കിന് ലൈസൻസുണ്ടെങ്കിലും നിയമവിരുദ്ധമായി കൂടുതൽ റൗണ്ട് വെടിയുതിർക്കാൻ സഹായിക്കുന്ന ഭാഗങ്ങൾ ഇയാൻ കൂട്ടിച്ചേർത്തിട്ടുള്ളതായി പൊലീസ് കണ്ടെത്തി. വിവാഹമോചിതനായ ഇയാൻ അമ്മയ്ക്കൊപ്പമായിരുന്നു താമസം. മകന്റെ സ്വഭാവത്തിൽ പേടിയും ആശങ്കയും പ്രകടിപ്പിച്ചിരുന്നു ഇയാന്റെ അമ്മയെന്ന് അയൽവാസികൾ പറയുന്നു.