അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി മലയാളസിനിമയ്‌ക്ക് നൽകിയ താരങ്ങളാണ് അപ്പാനി ശരത്, ടിറ്റോ വിൽസൺ എന്നിവർ. ഇരുവരും തകർത്തഭിനയിച്ച അപ്പാനി രവിയും യു ക്ളാമ്പ് രാജനും പ്രേക്ഷകന്റെ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു. മലയാളികൾ ഇതുവരെ കണ്ടു ശീലിച്ച വില്ലൻ കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്‌തരായ വില്ലൻമാരായിരുന്നു ഇരുവരും. ഇപ്പോഴിതാ ശ്രീദേവ് കപൂർ സംവിധാനം ചെയ്യുന്ന ലവ് എഫ്എം എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് അപ്പാനി രവിയും ക്ളാമ്പ് രാജനും.
ഇത്തവണ റൗഡിത്തരമൊക്കെ മാറ്റിവച്ച് പ്രണയത്തിന്റെ വഴിയിലാണ് താരങ്ങളിരുവരും. മിമിക്രി സിനിമ താരം സാജു കൊടിയനും പി ജിംഷാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നാട്ടിൻ പുറത്ത് രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്.
മാളവിക മേനോൻ, ജാനകികൃഷ്ണ, സീനിൽ സൈനുദ്ദീൻ , വിജിലേഷ്, നിർമൽ പാലാഴി, സാജു കൊടിയൻ, ദേവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത വർഷം ചിത്രം തിയേറ്ററുകളിലെത്തും.