തെന്നിന്ത്യൻ സിനിമയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മുന്നേറുകയാണ് തമിഴ് ചിത്രം രാക്ഷസൻ. ഇത്രയും മികച്ചൊരു സൈക്കോത്രില്ലർ അടുത്തകാലത്തെങ്ങും തങ്ങൾ കണ്ടിട്ടില്ലെന്ന് പ്രേക്ഷകർ ഒരേ സ്വരത്തിലാണ് പറയുന്നത്. രാംകുമാർ സംവിധാനം ചെയ്‌ത ചിത്രത്തിലെ പ്രതിനായകനായ ക്രിസ്‌റ്റഫർ തിയേറ്രറിൽ നിന്ന് ഇറങ്ങുമ്പോഴും പ്രേക്ഷകന്റെ മനസിൽ ഭീതിയുടെ ആഴം കൂട്ടുകയാണ്.
എന്നാൽ ക്രിസ്‌റ്റഫർ തന്റെ സങ്കൽപ്പമല്ലെന്നും, അങ്ങനെയൊരാൾ ജീവിച്ചിരുന്നെന്നും പറയുകയാണ് രാംകുമാർ. ഒരു യഥാർത്ഥ കൊലയാളിയുടെ ജീവിതത്തെയാണ് താൻ പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചതെന്ന് സംവിധായകൻ വ്യക്തമാക്കി.
' ആദ്യ സിനിമ കഴിഞ്ഞ് അതിൽ നിന്നു തികച്ചും വ്യത്യസ്‌തമായ ഒരു സമീപനത്തിനായി കാത്തിരിക്കുകയായിരുന്നു. അതിനായുള്ള തിരച്ചിലിനിടെയാണ് പത്രത്തിൽ രണ്ടു പേരെ കുറിച്ച് ഒരു ലേഖനം വായിക്കുന്നത്. അവർ ഇന്ത്യക്കാരായിരുന്നില്ല. ഒരാൾ ഒരു സൈക്കോ കൊലയാളിയും മറ്റൊന്ന് ഒരു സ്ത്രീയുമായിരുന്നു. ഇത് കഥയുടെ ഒരു ആകെത്തുക നൽകി. സിനിമ സങ്കൽപ്പമാണെങ്കിലും യഥാർത്ഥ കഥാപാത്രത്തെ ആസ്‌പദമാക്കിയാണ് വില്ലന് ജൻമം നൽകിയത്''.– രാം കുമാർ പറയുന്നു.
ഒരു ഘട്ടത്തിൽ ചിത്രത്തിന് സിൻട്രെല എന്നും പിന്നീട് മിൻമിനി എന്നും പേരിട്ടെങ്കിലും അവസാനം ആദ്യം തീരുമാനിച്ചതു പോലെ രാക്ഷസനിൽ തന്നെ എത്തുകയായിരുന്നു. നാല് വർഷം മുൻപാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. താൻ ഒരുപാട് കൊറിയൻ സിനിമകൾ കാണുന്ന ആളാണെന്നും അത് ത്രില്ലറുകളിലേക്ക് തന്നെ കൂടുതൽ അടുപ്പിച്ചതാകാമെന്നും രാം കുമാർ പറഞ്ഞു.
ശരവണൻ നാനാണ് ക്രിസ്‌റ്റഫറെ അവതരിപ്പിച്ചത്. വിഷ്‌ണു വിശാൽ നായകനായി എത്തിയ ചിത്രത്തിൽ അമല പോളാണ് നായിക. രാധാരവി, കാലി വെങ്കട്ട്, രാംദോസ് എന്നിവരാണ് മറ്റ് താരങ്ങൾ.