rahna-fathima

കൊച്ചി: ശബരിമല ദർശനത്തിലൂടെ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് ആക്ടിവിസ്റ്റും നടിയുമായ രഹ്നഫാത്തിമ ഹൈക്കോടതിയിൽ പറഞ്ഞു. താൻ തത്ത്വമസിയിൽ വിശ്വസിക്കുന്ന ഒരു വിശ്വാസിയാണ്. മുസ്ലീം ആചാരപ്രകാരം ജീവിക്കുന്ന വ്യക്തിയല്ല. അയ്യപ്പവേഷം ധരിച്ച് ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ലെന്നും രഹ്ന ഫാത്തിമ കോടതിയിൽ വ്യക്തമാക്കി.


അതേസമയം,​ നിങ്ങളുടെ വിശ്വാസം മറ്റൊരു വിശ്വാസിയുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലാവരുതെന്ന് കോടതി രഹ്ന ഫാത്തിമയോട് പറഞ്ഞു. രഹ്നയുടെ പോസ്റ്റുകൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് ബി.ജെ.പി നേതാവ് ആർ. രാധാകൃഷ്ണ മേനോന്റെ പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റി.

ഹൈദരാബാദ് സ്വദേശിയായ ടെലിവിഷൻ റിപ്പോർട്ടർ കവിതയും രഹ്ന ഫാത്തിമയും ശബരിമല ദർശനത്തിനായി പൊലീസിന്റെ സുരക്ഷയോടു കൂടിയാണ് മല ചവിട്ടിയത്. തുടർന്ന് അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപ്പന്തലിൽ നിന്ന് മടങ്ങുകയായിരുന്നു അവർ. വാർത്ത പുറത്തുവന്നതോടെ ഒരു സംഘമാളുകൾ രഹ്നയുടെ വീട് ആക്രമിച്ചിരുന്നു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഇരുവരും മലയിറങ്ങിയത്.