race

 ഉദ്ഘാടനം ഗവർണർ പി. സദാശിവം

 നടൻ അല്ലു അർജുൻ വിശിഷ്ടാതിഥി

ആലപ്പുഴ: പ്രളയവേദനകളെ ഒരുവള്ളപ്പാടകലേക്ക് തുഴകൊണ്ട് വകഞ്ഞുമാറ്റാൻ ആലപ്പുഴയുടെ അഭിമാനമായ നെഹ്‌റു ട്രോഫി ജലമേള ഇന്ന്. പുന്നമടക്കായലിൽ രാവിലെ 11ന് തുടങ്ങുന്ന 66-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ 20 ചുണ്ടന്മാരടക്കം 81 വള്ളങ്ങളാണ് അണിനിരക്കുക.

ആദ്യം ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളാണ്. ഉച്ചയ്ക്ക് ശേഷം ചുണ്ടൻവള്ളങ്ങളുടെ മത്സരം. നടുഭാഗം, വെള്ളംകുളങ്ങര, ശ്രീഗണേശൻ, ഗബ്രിയേൽ, കരുവാറ്റ, സെന്റ് പയസ് ടെൻത്, ചമ്പക്കുളം, ചെറുതന, ആയാപറമ്പ്, മഹാദേവൻ, കാരിച്ചാൽ, ജവഹർ തായങ്കരി, ആയാപറമ്പ് വലിയ ദിവാൻജി, പായിപ്പാടൻ, പുളിങ്കുന്ന് ആലപ്പാടൻ തുടങ്ങിയവയാണ് പ്രധാന ചുണ്ടൻവള്ളങ്ങൾ. വൈകിട്ട് 3.45ന് വനിതകളുടെ മത്സരം. അഞ്ചിന് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ നടക്കും. അവസാന റൗണ്ടിലെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ മത്സരിക്കുക. ആറ് പേരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റി ഫലം നിർണയിക്കും.

ഗവർണർ പി. സദാശിവം വള്ളംകളി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയും തെലുങ്ക് നടൻ അല്ലു അർജുൻ വിശിഷ്ടാതിഥിയുമാകും. കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബാൾ ടീം കാണികളെ അഭിവാദ്യം ചെയ്യും. നെഹ്റു ട്രോഫിയും രണ്ടര ലക്ഷം രൂപയുമാണ് സമ്മാനം. 25,000 പേർക്കിരിക്കാവുന്ന താത്കാലിക പവലിയനും 2000 പേർക്കിരിക്കാവുന്ന വി.എെ.പി പവലിയനുമാണ് ഒരുക്കിയിരിക്കുന്നത്. താത്കാലിക പവലിയനിൽ 100 മുതൽ 600 രൂപ വരെയും വി.എെ.പി പവലിയനിൽ 2000 മുതൽ 3000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. മുതിർന്ന പൗരൻമാർക്ക് ‌ 10 ശതമാനം ഇളവുണ്ട്.

ആഗസ്റ്റിൽ നടക്കേണ്ടിയിരുന്ന മത്സരം പ്രളയംമൂലം മാറ്റിവയ്ക്കുകയായിരുന്നു. ഇക്കുറി വള്ളംകളി വേണോ വേണ്ടയോ എന്ന് രണ്ട് പക്ഷമുണ്ടായെങ്കിലും ആലപ്പുഴയുടെ ടൂറിസം ചരിത്രത്തിൽ നിർണായക സ്ഥാനം വഹിക്കുന്ന വള്ളംകളി നടത്താൻ തീരുമാനിക്കുകയായിരുന്നു. എക്കാലവും ആവേശം നിറച്ചിരുന്ന വിദേശ കാണികൾ ഇക്കുറി കുറവാണ്. ഒരു കോടിയുടെ ടിക്കറ്റ് വിറ്റഴിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പകുതിയേ വിറ്റിട്ടുള്ളൂ. വിദേശ രാജ്യങ്ങളിൽ നിന്ന് ഓൺലൈൻ വഴിയുള്ള ടിക്കറ്റ് വില്പന കുറഞ്ഞതാണ് കാരണം.