sarkar-

ചെന്നൈ:തമിഴ്നടൻ വിജയ് നായകനായ ‘സർക്കാർ’ സിനിമയിലെ വിവാദ രംഗങ്ങൾ എ. ഡി. എം. കെ സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് നീക്കി. ഈ രംഗങ്ങൾ ഒഴിവാക്കിയ ചിത്രമാണ് ഇന്നലെ ഉച്ചയ്‌ക്ക് ശേഷം തമിഴ്നാട്ടിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത് ബാധകമാകില്ലെന്ന് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചു.

തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയെ മോശമായി ചിത്രീകരിക്കുന്നതായും സർക്കാരിന്റെ പല പദ്ധതികളെയും അവഹേളിക്കുന്നതായും ആരോപിച്ച് അണ്ണാ ഡി.എം.കെയുടെ പ്രതിഷേധം തെരുവിലേക്ക് പടർന്നതോടെയാണ് 'സർക്കാർ' മുട്ടുമടക്കിയത്.സിനിമയിലെ അത്തരം രംഗങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യം ശക്തമായി. 'സർക്കാരിനെതിരെ' എ. ഡി.എം.കെ മന്ത്രിമാർ കൂട്ടത്തോടെ രംഗത്തുവന്നു. മധുരയിലും കോയമ്പത്തൂരിലും പാർട്ടി പ്രവർത്തകർ പടം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ആക്രമിക്കുകയും തിയേറ്ററിനു മുന്നിലെ വിജയ്‌യുടെ കൂറ്റൻ കട്ടൗട്ടിന് തീയിടുകയും ചെയ്‌തിരുന്നു.

ഇതേതുടർന്ന് സിനിമയിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യാനും ഒരു ഡയലോഗിൽ ജയലളിതയെ പറ്റിയുള്ള പരാമർശം നിശബ്ദമാക്കാനും സംവിധായകൻ എ. ആർ മുരുഗദോസും മറ്റും തീരുമാനിക്കുകയായിരുന്നു

മുരുകദോസിന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി പൊലീസ് എത്തിയിരുന്നു. മുരുഗദോസ് അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. അറസ്റ്റുണ്ടാകുമെന്ന സൂചനയെത്തുടർന്ന് ഇന്നലെ മുരുകദോസ് മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഈ മാസം 27 വരെ മുരുകദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകി.സുരക്ഷ നൽകാനാണ് അദ്ദേഹത്തിന്റെ എത്തിയതെന്നാണ് പൊലീസ് വാദം.

പ്രതിഷേധവുമായി താരങ്ങൾ

സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങൾ അനാവശ്യമാണ്. ചിത്രത്തെയും നിർമ്മാതാക്കളെയും അപമാനിക്കുകയാണ്.

-- രജനീകാന്ത്

സെൻസർ ബോർഡ് അനുമതി നൽകിയ സിനിമയ്ക്കെതിരെ പ്രതിഷേധം ഉയർത്തുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. വിമർശനം അംഗീകരിക്കാത്ത സർക്കാർ നിലംപൊത്തും

-- കമലഹാസൻ

സെൻസർ ചെയ്ത സിനിമകളിൽ ഇടപെടാനുള്ള സർക്കാർ നീക്കം ശരിയല്ല. --വിശാൽ

വിജയ് ചിത്രങ്ങൾക്കെതിരെ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടൽ ശരിയല്ല. -- --നടിയും കോൺ. വക്താവുമായ ഖുശ്ബു

റെക്കാഡ് കളക്‌ഷൻ

ആദ്യദിനം തമിഴ്നാട്ടിൽ 30 കോടി

ചെന്നൈയിൽ മാത്രം 2.41 കോടി

കേരളത്തിൽ ആദ്യദിവസം 6.5 കോടി